പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ട്: 'മൈ സ്‌റ്റോറി' സംവിധായകയ്‌ക്ക് മറുപടിയുമായി സജിത മഠത്തിൽ
പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ട്: 'മൈ സ്‌റ്റോറി' സംവിധായകയ്‌ക്ക് മറുപടിയുമായി സജിത മഠത്തിൽ
കഴിഞ്ഞ ദിവസമായിരുന്നു 'മൈ സ്‌റ്റോറി' സംവിധായിക റോഷ്നി ദിനകർ ഡബ്ല്യൂസിസിയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ആ ആരോപണങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് ഡബ്ല്യൂസിസി അംഗം സജിത മഠത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും അത് ഡബ്ല്യൂസിസിയുടെ പരിധിയിൽ വരുന്നില്ലെന്നുമാണ് സംവിധായികയോട് താൻ പറഞ്ഞതെന്ന് സജിത മഠത്തിൽ വ്യക്തമാക്കി.
"സിനിമയുടെ പ്രൊഡക്ഷൻ പകുതിയ്‌ക്ക് വച്ച് നിന്നു പോയപ്പോൾ സംവിധായിക റോഷ്നി ദിനകർ വിളിച്ചിരുന്നു എന്നത് വാസ്‌തവമാണ്. ഡബ്ല്യൂസിസി രൂപീകരിച്ച് കുറച്ചു സമയത്തിനുള്ളിലായിരുന്നു അത്. പ്രൊഡക്ഷൻ നിന്നുപോയെന്നും പൃഥ്വിരാജിന്റെയും പാർവതിയുടെയും ഡേറ്റിന് പ്രശ്നമുണ്ടെന്നും ആണ് അന്ന് പറഞ്ഞത്. അവരെ സഹായിക്കണമെന്ന് പറയുകയും ചെയ്തു. അന്ന് ഞാൻ പറഞ്ഞത്, പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും അത് ഡബ്ല്യൂസിസിയുടെ പരിധിയിൽ വരുന്നതല്ലെന്നുമാണ്.
അത്തരം കാര്യങ്ങൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പോലുള്ള സംഘടനകളെയാണ് സമീപിക്കേണ്ടത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് നിങ്ങൾക്ക് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾ കൂടെയുണ്ടാകുമെന്നും അന്ന് പറഞ്ഞിരുന്നു. അവർ ഒരു പരാതി എഴുതി തരണമെന്നോ അത് ഡബ്ല്യൂസിസി വാങ്ങിക്കില്ലെന്നോ അന്ന് പറഞ്ഞിട്ടില്ല. അത്തരം ഒരു ചർച്ചയും അന്ന് നടന്നിട്ടില്ല.
ഒരു സിനിമയിലെ ആർട്ടിസ്റ്റുകൾ ചിത്രത്തിന്റെ പ്രമോഷന് പോകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നത് ഞങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല എന്നത് അവർ മനസിലാക്കേണ്ട കാര്യമാണ്. ഡബ്ല്യൂസിസി രൂപീകരിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. സിനിമ വ്യവസായം സ്ത്രീ സൗഹൃദ ഇടമായി വളർത്തുക എന്ന വലിയ സ്വപ്‌നത്തിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയുക എന്നതാണ് അതിന്റെ ആദ്യപടി. ഉപ്പും മുളകും നായികയെ നേരിൽ കാണുകയും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.