മുംബൈ: ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് നിലവിലുള്ള സുരക്ഷ വർധിപ്പിച്ചു. മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടർന്നുവന്ന പുതിയ ഭീഷണിയുമാണ് സുരക്ഷ വർധിപ്പിക്കാൻ കാരണമായത്. ഇപ്പോൾ 60 സുരക്ഷാ ഭടന്മാരാണ് സൽമാന് കാവലായുള്ളത്.
സുരക്ഷ മുൻനിർത്തി രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാൻ പട്രോൾ എസ്.യു.വി സൽമാൻ ഖാൻ വാങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ലാത്ത വാഹനം ദുബായിൽ നിന്നും താരം ഇറക്കുമതി ചെയ്യുകയായിരുന്നു. സ്ഫോടകവസ്തുക്കൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം, പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചാൽപ്പോലും തകരാത്ത ഗ്ലാസ്, അകത്തിരിക്കുന്നത് ആരെന്നുപോലും തിരിച്ചറിയാൻ സാധിക്കില്ല.
ബാബാ സിദ്ദിഖിയുടെ മരണവാർത്തയറിഞ്ഞ് സൽമാൻ ഖാൻ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ്-18 ന്റെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. പരിപാടിയുടെ ചിത്രീകരണം ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കനത്ത സുരക്ഷയിൽ പരിപാടിയിൽ പങ്കെടുക്കാൻ സൽമാൻ ഖാൻ കഴിഞ്ഞ ദിവസമെത്തിയിരുന്നു.