ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഗൗരി ഖാനും കടുത്ത പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. ഗൗരിയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഷാരൂഖ് സിനിമയില്‍ നിന്നുള്ള ആളാണ്, വിശ്വസിക്കാന്‍ കൊള്ളുമോ എന്ന ആശങ്കയായിരുന്നു ഗൗരിയുടെ വീട്ടുകാര്‍ക്ക് ആദ്യമുണ്ടായിരുന്നത്. മതവും മറ്റൊരു പ്രതിബന്ധമായി.
ഗൗരിയെ വിവാഹം കഴിക്കുന്നതിന് ഷാരൂഖിന് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളിയായി നിന്നത് ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ആയിരുന്നു. 1991 ല്‍ ഹിന്ദു മതാചാര പ്രകാരമായിരുന്നു ഷാരൂഖും ഗൗരിയും തമ്മിലുള്ള വിവാഹം. അനുപമ ചോപ്ര ഷാരൂഖ് ഖാനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ ഷാരൂഖ് തന്നെ ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്.
തങ്ങളുടെ പ്രണയവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും ഗൗരിയുടെ വീട്ടില്‍ അറിഞ്ഞപ്പോള്‍ ഗൗരിയുടെ അച്ഛന്‍ രമേഷ് ചിബ്ബ എതിര്‍ത്തിരുന്നതായി ഷാരൂഖ് പറയുന്നു. ഷാരൂഖ് നടന്‍ ആണെന്നതായിരുന്നു എതിര്‍പ്പിന് പ്രധാന കാരണം. പിന്നാലെ ഈ ബന്ധം അവസാനിപ്പിക്കാനായി ഗൗരിയുടെ അമ്മ ജ്യോത്സ്യനെ കണ്ടിരുന്നുവെന്നും ഷാരൂഖ് പറയുന്നുണ്ട്. ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ഷാരൂഖിന് നേരെ തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയത്. ഗൗരിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഭീഷണിപ്പെടുത്തി. പൊതുവെ ദേഷ്യക്കാരനും ഗുണ്ടയുമാണെന്ന ഇമേജുണ്ടായിരുന്നു വിക്രാന്തിന്. എന്നാല്‍ ഈ ഭീഷണിയൊന്നും ഷാരൂഖിനെ ഭയപ്പെടുത്തിയില്ലെന്നാണ് പുസ്തകത്തില്‍ പറയുന്നത്.