''പറ്റില്ലെന്ന് ഞാൻ പറഞ്ഞു, മമ്മൂക്കയാണ് എന്നെ കംഫർട്ടബിളാക്കിയത്”: ഷംന കാസിം

ശനി, 25 ഓഗസ്റ്റ് 2018 (12:24 IST)
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിൽ മൂന്ന് നായികമാരാണുള്ളത്. ഷം‌ന കാസിം, റായ് ലക്ഷ്മി, അനു സിതാര. ഇതിൽ ഷംന കാസിം പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നത്.
 
ചിത്രത്തിലെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മമ്മൂട്ടി ആരാധകർ ഒന്നടങ്കം ശ്രദ്ധിച്ചത് ഷംന കാസിമിനെയായിരുന്നു. മമ്മൂട്ടിയെ നോക്കി, 'എഴുന്നേൽക്ക്' എന്ന് പറയുന്ന ഷംനയുടെ പൊലീസ് കഥാപാത്രം ആരാധകരിൽ ആകാംഷയുണർത്തി. ചിലർക്കൊക്കെ ഇത് ഞെട്ടലുണ്ടാക്കുകയും ചെയ്തു.
 
ട്രെയിലറിൽ ശ്രദ്ധയാകർഷിച്ച ആ ഡയലോഗ് പറയാൻ ശരിക്കും ഭയമായിരുന്നു ഷംന മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതെങ്ങാനും ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്തിരുന്നുവെങ്കിൽ എനിക്ക് ഹാർട്ട് അറ്റാക്ക് വന്നേനെയെന്നാണ് ഷംന പറയുന്നത്.
 
സത്യത്തിൽ 'എഴുന്നേൽക്കെടോ' എന്നായിരുന്നു ഡയലോഗ് ഷീറ്റിൽ. അങ്ങനെ ഒരു ഡയലോഗ് എനിക്ക് പറയാൻ പറ്റില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. ഷം‌നയല്ല നീനയെന്ന പൊലീസ് ഉദ്യോഗസ്ഥയാണ് അങ്ങനെ പറയുന്നതെന്ന് സേതു ചേട്ടൻ പറഞ്ഞു. മമ്മൂക്കയും കം‌ഫർട്ടബിളാക്കി. അങ്ങനെയാണ് ‘എഴുന്നേൽക്ക്’ എന്നാക്കിയത്. മമ്മൂക്കയുടെ ഫാൻസിനെ ഓർക്കുമ്പോൾ ഭയമുണ്ട്. അവർ ഈ സീൻ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു- ഷംന പറയുന്നു.
 
ഏറെക്കാലമായി സിനിമാരംഗത്തുണ്ടെങ്കിലും, മികച്ച നടിയെന്ന പേരെടുത്തെങ്കിലും, മുന്‍‌നിര നായകന്‍‌മാരുടെ നായികയാകാന്‍ ഷം‌നയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഷം‌നയുടെ നല്ലകാലം വന്നിരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് കുട്ടനാടൻ ബ്ലോഗ്. 
 
സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, സിദ്ദിക്ക് എന്നിവര്‍ക്കും ഒരു കുട്ടനാടന്‍ ബ്ലോഗില്‍ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാനുള്ളത്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം അനന്താ വിഷനാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രളയം; മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടം