Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസുഖ വിവരം അടുത്ത സുഹൃത്തുക്കളില്‍ നിന്നു പോലും മറച്ചുവെച്ചു; വേദനയോടെ സിനിമാ ലോകം

ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ മരണം

അസുഖ വിവരം അടുത്ത സുഹൃത്തുക്കളില്‍ നിന്നു പോലും മറച്ചുവെച്ചു; വേദനയോടെ സിനിമാ ലോകം
, ബുധന്‍, 9 ഓഗസ്റ്റ് 2023 (10:34 IST)
സംവിധായകന്‍ സിദ്ദിഖിന്റെ വേര്‍പാടില്‍ വിതുമ്പി മലയാള സിനിമാ ലോകം. കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ലാല്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഇങ്ങോട്ട് എത്തുമെന്നാണ് വിവരം. 
 
തന്റെ രോഗവിവരം സിദ്ദിഖ് അടുത്ത സുഹൃത്തുക്കളില്‍ നിന്ന് പോലും മറച്ചുവെച്ചാണ് സഹപ്രവര്‍ത്തകനും നടനുമായ സലിം കുമാര്‍ പറഞ്ഞത്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിന് യുനാനി ചികിത്സയാണ് സിദ്ദിഖ് ആദ്യം നടത്തിയതെന്നും സലിം കുമാര്‍ പറയുന്നു. മദ്യപാനം, പുകവലി പോലെ യാതൊരു ദുശീലങ്ങളും സിദ്ദിഖിന് ഉണ്ടായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 
 
ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ മരണം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. അതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. 
 
കരള്‍ രോഗത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ ആരോഗ്യം മോശമാകുന്നത്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തിന്. പുകവലി, മദ്യപാനം തുടങ്ങി ദുശീലങ്ങളൊന്നും ഇല്ലാത്ത സിദ്ദിഖ് സിനിമ മേഖലയില്‍ എല്ലാവര്‍ക്കും മാതൃകയാണ്. എന്നിട്ടും അദ്ദേഹത്തിനു കരള്‍ രോഗം ബാധിച്ചത് എല്ലാവരേയും ഞെട്ടിച്ചു. കരള്‍ രോഗത്തോടൊപ്പം ന്യുമോണിയയും സിദ്ദിഖിനെ പിടികൂടിയിരുന്നു. കരള്‍ രോഗത്തിനും ന്യുമോണിയയ്ക്കും വേണ്ടിയുള്ള ചികിത്സകള്‍ നടക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. മറ്റ് രോഗങ്ങള്‍ ഉള്ളത് സ്ഥിതി ഗുരുതരമാക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അദ്ദേഹം. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു. 
 
പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ രംഗത്ത് എത്തിയത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്നു സിദ്ദിഖ്. അങ്ങനെയാണ് സിദ്ദിഖിനെ ഫാസില്‍ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തായ ലാലിനൊപ്പം ചേര്‍ന്ന് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1989 ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് ആണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം. റാംജി റാവു സ്പീക്കിങ് സൂപ്പര്‍ഹിറ്റായി. 
 
ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍. മാന്നാര്‍ മത്തായി സ്പീക്കിങ്ങിന്റെ തിരക്കഥയും സിദ്ദിഖിന്റേതാണ്. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ എന്നിവയെല്ലാം സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി ചെയ്ത സിനിമകളാണ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു സിനിമയില്‍ പോലും അഭിനയിക്കാന്‍ സാധിച്ചില്ല'; ആ ആഗ്രഹത്തെക്കുറിച്ച് സുരാജ്