ഡബ്ല്യുസിസി സംഘടന സ്വന്തം അംഗങ്ങളുടെ കാര്യങ്ങൾക്ക് മാത്രമേ വാ തുറക്കുകയുള്ളൂ എന്ന് വിമർശനം. സംഘടന കലക്ടീവല്ല സെലക്ടീവ് ആണെന്ന വാദം സാന്ദ്ര തോമസ്, ഭാഗ്യലക്ഷ്മി തുടങ്ങിയ പ്രമുഖർ നേരത്തെ ഉന്നയിച്ചിരുന്നു. ഡബ്ല്യുസിസിക്കുള്ളിൽ നടക്കുന്ന തീരുമാനങ്ങളിലും ചർച്ചകളിലും സുതാര്യതയില്ലെന്ന ആരോപണവുമുണ്ട്. ഇപ്പോഴിതാ ഡബ്ല്യുസിസിയുടെ പുതിയ നിലപാടിൽ കടുത്ത വിമർശനമാണ് വരുന്നത്.
ഗീതു മോഹൻദാസിന്റെ ടോക്സിക് എന്ന സിനിമയാണ് വിഷയം. ടോക്സിക്കിന്റെ ടീസറിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് ആക്ഷേപമുണ്ട്. സോഷ്യൽ മീഡിയ ഇത് വലിയ ചർച്ചയാക്കിയിട്ടും പ്രതികരിക്കാൻ ഗീതു മോഹൻദാസോ ഡബ്ല്യുസിസിയോ തയ്യാറായില്ല. മറ്റ് സിനിമകളിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നവർക്ക് സ്വന്തം സംഘടനയിലെ അംഗത്തെ വിമർശിക്കാൻ മടിയാണോ എന്ന് ചോദ്യം വന്നു. കഴിഞ്ഞ ദിവസം ഡബ്ല്യുസിസി അംഗം ഫിലിം മേക്കർ മിറിയം ജോസഫിന് നേരെ ആ ചോദ്യം വന്നു. ഡബ്ല്യുസിസിക്കുള്ളിലെ വിഷയമാണതെന്നും എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടതില്ലെന്നും മിറിയം ജോസഫ് വ്യക്തമാക്കി.
പരാമർശത്തിൽ മിറിയം ജോസഫിനും ഡബ്ല്യുസിസിക്കും നേരെ വ്യാപക വിമർശനമാണ് വരുന്നത്. വിമർശനങ്ങളോട് എന്തിനാണിത്ര അസഹിഷ്ണുതയെന്നാണ് പ്രധാന ചോദ്യം. ഗീതുവിനോടുള്ള വിമർശനം നേരിട്ട് പറയാമെങ്കിൽ കസബ സംവിധായകനോടുള്ള വിമർശനം നേരിട്ട് പറഞ്ഞ് കൂടായിരുന്നോ, എന്തിനാണ് പരസ്യ വിമർശനം ഉന്നയിച്ചതെന്ന് ചിലർ ചോദിക്കുന്നു.