ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന് തമിഴ്‌നാട്ടിൽ നിന്നും ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. ഈ സിനിമയുടെ വിജയത്തിന് പിന്നാലെ സൗബിൻ ഷാഹിറിന് നിരവധി ഓഫറുകൾ തമിഴിൽ നിന്നും വന്നു. അതിൽ ഏറ്റവും മികച്ചതെന്ന് തോന്നിയ സ്ക്രിപ്റ്റ് ആയിരുന്നു ലോകേഷ് കനകരാജിന്റെ കൂലി. ഈ സിനിമയോട് നോ പറയാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല സൗബിന്.
കൂലിയിലൂടെ ഇപ്പോൾ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്തിരിക്കുകയാണ് സൗബിൻ ഷാഹിർ. കൂലിയിലെ സൗബിന്റെ പ്രകടനത്തിന് മറ്റു ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. നെഗറ്റീവ് ഷെയ്ഡുള്ള ദയാൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സൗബിനെത്തിയത്. മുഴുനീള കഥാപാത്രവുമായിരുന്നു സൗബിന് ലഭിച്ചതും. രജനികാന്ത്, നാഗാർജുന, ആമിർ ഖാൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്കൊപ്പം നടന് സ്ക്രീൻ സെപ്യ്സുമുണ്ടായിരുന്നു.
ഇപ്പോഴിതാ കൂലി ലൊക്കേഷനിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗബിൻ. ആമിർ ഖാനും രജനികാന്തിനുമൊപ്പമുള്ള ചിത്രമാണ് സൗബിൻ ആദ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഉപേന്ദ്രയെയും സംവിധായകൻ ലോകേഷ് കനകരാജിനെയും കൂടി ചിത്രത്തിൽ കാണാം.
'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്...'- എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സൗബിൻ കുറിച്ചിരിക്കുന്നത്. കൂലി സ്വീകരിച്ച എല്ലാവരോടും നന്ദിയും പറഞ്ഞിട്ടുണ്ട് സൗബിൻ. അതോടൊപ്പം ദയാൽ തനിക്ക് വളരെ സ്പെഷ്യലാണെന്നും കൂലി എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണെന്നും സൗബിൻ കുറിച്ചു.