കിടിലൻ പ്രതിഭകളുടെ മഹാസംഗമമായിരിക്കും ‘വൈറസി’ൽ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസിൽ പ്രതിഭാശാലികളായ നിരവധി താരങ്ങളാണുള്ളത്. കേരളം അതിജീവിച്ച ഒരു മഹാരോഗം തന്നെയായിരുന്നു നിപ്പ വൈറസ്. ഈ സംഭവത്തെയാണ് ആഷിഖ് അബു സിനിമയാക്കുന്നത്.
ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, മറ്റ് ചില ചിത്രങ്ങളുടെ തിരക്കുകൾ ആയതിനാൽ ചിത്രത്തിൽ നിന്നും കാളിദാസ് പിന്മാറിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. കാളിദാസിന് പകരം യുവതാരങ്ങളിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുക.
ജീത്തു ജോസഫ്, അൽഫോൺസ് പുത്രൻ, മിഥുൻ മാനുവൽ തോമസ്, സന്തോഷ് ശിവൻ എന്നിവരുടെ ചിത്രങ്ങളിൽ കരാർ ഒപ്പിട്ടിരിക്കുകയാണ് കാളിദാസ്. ഈ തിരക്കുകൾ മൂലമാണ് താരം വൈറസ് വേണ്ടെന്ന് വെച്ചത്. അതോടൊപ്പം, ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി കഥാപാത്രമായും എത്തുമെന്ന് സൂചനയുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആയിരുന്നു നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന ലിനി നിപ്പ ബാധയെ തുടര്‍ന്ന് മരിച്ചപ്പോള്‍ കേരളം ശരിക്കും കണ്ണീര്‍ വാര്‍ത്തു. ഭര്‍ത്താവിനായി ലിനി അവസാനം എഴുതിയ കത്ത് ലോകമാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. ഏറെ ഭയന്നെങ്കിലും കേരളം നിപ്പാ വൈറസിനെ അതിജീവിച്ചു.
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, ദിലീഷ് പോത്തന്‍, സൌബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് അങ്ങനെ നീളുന്നു താരങ്ങളുടെ പട്ടിക.
ഒ പി എമ്മിന്‍റെ ബാനറില്‍ ആഷിക് അബു തന്നെയാണ് വൈറസ് നിര്‍മ്മിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.
സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്ന വൈറസിന്‍റെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്. ‘മായാനദി’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വൈറസിന് പ്രതീക്ഷകളുടെ ഭാരം ഏറെയാണ്.