രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത ചിത്രമാണ് സമ്മര്‍ ഇന്‍ ബെത്ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയാണ് സമ്മര്‍ ഇന്‍ ബെത്ലഹേമില്‍ അണിനിരന്നത്. സിനിമ സൂപ്പര്‍ഹിറ്റായി. ഇന്നും മിനിസ്‌ക്രീനില്‍ സമ്മര്‍ ഇന്‍ ബെത്ലഹേമിന് ആരാധകര്‍ ഏറെയാണ്.
സിനിമയില്‍ ജയറാമിന്റെ കഥാപാത്രത്തിന്റെ പേര് രവി എന്നാണ്. രവിയുടെ അഞ്ച് കസിന്‍സില്‍ ഒരാള്‍ക്ക് അയാളോട് കടുത്ത പ്രണയമാണ്. ഈ പ്രണയിനി രവിക്ക് പ്രണയസമ്മാനമായി പൂച്ചയെ കൊറിയര്‍ അയക്കുന്നുണ്ട്. എന്നാല്‍, അഞ്ച് കസിന്‍സില്‍ ആരാണ് പൂച്ചയെ അയക്കുന്നതെന്ന് രവിക്ക് അറിയില്ല. സിനിമ കഴിയുമ്പോഴും രവിയെ പ്രണയിക്കുന്നത് ആരാണെന്നും പൂച്ചയെ അയച്ചത് ആരാണെന്നും തിരക്കഥാകൃത്തും സംവിധായകനും വെളിപ്പെടുത്തുന്നില്ല.
സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞും പ്രേക്ഷകര്‍ രവിക്ക് പൂച്ചയെ അയച്ച ആളെ തേടുകയാണ്. രവിയെ പ്രണയിക്കുന്നത് ആരാണെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും സിനിമയില്‍ തന്നെ പരോക്ഷമായി ചില കാര്യങ്ങള്‍ പറയുന്നുണ്ട്.
കസിന്‍സിലെ രണ്ട് പേരില്‍ ഒരാളാണ് രവിയെ പ്രണയിക്കുന്നത് ! ആ രണ്ട് പേര്‍ ആരാണെന്ന് നോക്കാം. ഗായത്രിയും സംഗീതയുമാണ് ആ രണ്ട് പേര്‍. ഇവരില്‍ ഒരാളാണ് രവിയെ പ്രണയിക്കുന്നത്. സിനിമയില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. മയൂരിയാണ് ഗായത്രി എന്ന കഥാപാത്രത്തെ സമ്മര്‍ ഇന്‍ ബെത്ലഹേമില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജ്യോതി എന്ന കഥാപാത്രത്തെ സംഗീത ക്രിഷ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളില്‍ ഒരാളാണ് രവിയെ പ്രണയിക്കുന്നതെന്ന് ഇവര്‍ തന്നെ സിനിമയില്‍ മഞ്ജുവിന്റെ കഥാപാത്രത്തോട് തുറന്നുപറയുന്നുണ്ട്.
മഞ്ജു വാര്യര്‍ അവതരിപ്പിച്ച അഭിരാമി, മഞ്ജുള അവതരിപ്പിച്ച അപര്‍ണ, ശ്രീജയ നായരുടെ ദേവിക എന്നീ കഥാപാത്രങ്ങള്‍ തങ്ങളല്ല രവിയെ പ്രണയിക്കുന്നതെന്ന് സിനിമയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, പൂച്ചയെ അയക്കുന്നത് ആരാണെന്ന ചോദ്യത്തിനു വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സിബി മലയില്‍ നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു. 'സത്യത്തില്‍ അതാരാണെന്ന് എനിക്കും അറിയില്ല, തിരക്കഥാകൃത്തായ രഞ്ജിത്ത് അത് പറഞ്ഞിട്ടില്ലെന്നായിരുന്നു' സിബിയുടെ മറുപടി.