മമ്മൂട്ടി കാരണം തന്‍റെ ചീത്തപ്പേര് മാറിക്കിട്ടിയെന്ന് സാക്ഷാല്‍ ഹിറ്റ്‌ലര്‍ !

വ്യാഴം, 13 ജൂണ്‍ 2019 (15:34 IST)
ചില സിനിമകള്‍ എക്കാലത്തും പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കും. അത്തരത്തില്‍ ഒന്നാണ് മമ്മൂട്ടിയുടെ ഹിറ്റ്‌ലര്‍. സിദ്ദിക്ക് സംവിധാനം ചെയ്ത ആ സിനിമ നിര്‍മ്മിച്ചത് ലാല്‍ ആണ്. ഇപ്പോഴും ചാനലുകളില്‍ ഏറ്റവും കൂടുതല്‍ സം‌പ്രേക്ഷണം ചെയ്യുന്ന സിനിമകളില്‍ ഒന്നാണ് ഹിറ്റ്‌ലര്‍.
 
ഈ സിനിമ പുറത്തിറങ്ങി തകര്‍പ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഒരു സംഭവമുണ്ടായി. എറണാകുളം പുല്ലേപ്പടിയിലുള്ള ഹനീഫ എന്നൊരു പയ്യന്‍ ഈ സിനിമയുമായി ബന്ധപ്പെടുത്തി ഒരു ചിത്രം വരച്ചു. സാക്ഷാല്‍ ഹിറ്റ്‌ലറും മമ്മൂട്ടിയും തമ്മില്‍ കണ്ടാല്‍ എന്തുസംഭവിക്കും എന്നതായിരുന്നു ആ ചിത്രത്തിന്‍റെ വിഷയം. മമ്മൂട്ടിക്ക് കൈകൊടുത്തുകൊണ്ട് ഹിറ്റ്‌ലര്‍ പറയുന്നു - താങ്കള്‍ എന്‍റെ ചീത്തപ്പേര് മാറ്റി!.
 
ഈ ചിത്രം കണ്ട സിദ്ദിക്കിനും ലാലിനും ഒരു ഐഡിയ തോന്നി. ഇത് പരസ്യത്തില്‍ ഉപയോഗിച്ചാലോ? അത് വ്യത്യസ്തമായ ഒരു പരീക്ഷണമായിരിക്കുമെന്ന് ബോധ്യപ്പെട്ട് അവര്‍ അത് പരസ്യത്തില്‍ പരീക്ഷിച്ചു. പരസ്യം ഹിറ്റായി. പിന്നാലെ വന്‍ വിമര്‍ശനവും ഉയര്‍ന്നു.
 
ഹിറ്റ്‌ലറെ വെള്ളപൂശാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ആ പരസ്യം എന്നായിരുന്നു വിമര്‍ശനം. ആ വിമര്‍ശനം കണ്ടപ്പോള്‍ ദേഷ്യപ്പെടുകയോ സങ്കടപ്പെടുകയോ അല്ല, പൊട്ടിച്ചിരിക്കുകയാണ് സിദ്ദിക്ക് ചെയ്തത്. ഹിറ്റ്‌ലര്‍ സിനിമയിലെ തമാശകളെക്കാളൊക്കെ സിദ്ദിക്കിനെ ചിരിപ്പിച്ചത് ഈ വിമര്‍ശനമായിരുന്നു!

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'മമ്മൂക്കയുടെ ഇത്തരം ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ'