കൊച്ചി: ബലാത്സംഗ കേസിൽ നിന്നും നിവിൻ പോളിയെ ഒഴിവാക്കി. കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. ലൈംഗീക പീഡന ആരോപണം വരുമ്പോൾ ആരായാലും ഒന്ന് പതറും. പ്രത്യേകിച്ചും സെലിബ്രിറ്റി ആണെങ്കിൽ. അവരുടെ പിന്നീടുള്ള കരിയർ തന്നെ ഈ പരാതിയുടെ നിജസ്ഥിതി അടിസ്ഥാനപ്പെടുത്തി ആയിരിക്കും. സിദ്ദിഖ്, മുകേഷ് എന്നിവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ഈ വിഷയത്തിൽ നിവിൻ. നടന്മാരായ മുകേഷിനും സിദ്ദിഖിനും ഇടവേള ബാബുവിനുമെതിരെ പരാതി ഉയർന്നപ്പോൾ സമൂഹത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കാൻ ഇവർ ശ്രമിച്ചില്ല.
എന്നാൽ, ഇക്കാര്യത്തിൽ നിവിൻ പോളി മറിച്ചായിരുന്നു. ആരോപണം ഉയർന്ന് മണിക്കൂറുകൾക്കകം നിവിൻ പത്ര സമ്മേളനം വിളിച്ച് കൂട്ടി. അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നിവിൻ പോളി പറഞ്ഞു. എന്‍റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്നും നിവിൻ പോളി പറഞ്ഞു. നിവിൻ പോളിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ, ജഗത്, അരുൺ, അജു വർഗീസ് തുടങ്ങിയവർ രംഗത്ത് വരികയും ചെയ്തു.
നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.
തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നൽകിയത്. നിവിൻ പൊലിക്കെതിരായ പരാതി വ്യാജമാണെന്നും പോലീസ് അറിയിച്ചു. ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം, മറ്റുപ്രതികൾകെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. തനിക്കെതിരായ ആരോപണ അടിസ്ഥാനമില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് നിവിൻ പോളി പരാതി നൽകിയിരുന്നു. കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി വ്യാജമാണെന്നും ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നുമെന്നും ആവശ്യപ്പെട്ടാണ് നിവിൻ പോളി നേരത്തെ ഡിജിപിക്ക് പരാതി നൽകിയത്.