Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ബുദം ബാധിച്ച് ശ്രീവിദ്യ ആശുപത്രിയില്‍, ആരെയും കാണാന്‍ താല്‍പര്യമില്ലായിരുന്നു, കമല്‍ഹാസനുമായി സംസാരിച്ചത് ഒരു മണിക്കൂര്‍; 'തിരക്കഥ'യുടെ പ്ലോട്ട് മനസില്‍ വരുന്നത് ഇത് കേട്ടപ്പോള്‍, അവരുടെ ജീവിതവുമായി സാമ്യമുണ്ടെന്ന് ഒടുവില്‍ രഞ്ജിത്ത് സമ്മതിച്ചു

അര്‍ബുദം ബാധിച്ച് ശ്രീവിദ്യ ആശുപത്രിയില്‍, ആരെയും കാണാന്‍ താല്‍പര്യമില്ലായിരുന്നു, കമല്‍ഹാസനുമായി സംസാരിച്ചത് ഒരു മണിക്കൂര്‍; 'തിരക്കഥ'യുടെ പ്ലോട്ട് മനസില്‍ വരുന്നത് ഇത് കേട്ടപ്പോള്‍, അവരുടെ ജീവിതവുമായി സാമ്യമുണ്ടെന്ന് ഒടുവില്‍ രഞ്ജിത്ത് സമ്മതിച്ചു
, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (12:25 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട നടിയാണ് ശ്രീവിദ്യ. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച ശ്രീവിദ്യ ഉലകനായകന്‍ കമല്‍ഹാസനുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയവും ജീവിതവും സിനിമയ്ക്ക് പുറത്ത് അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് പിരിയുകയായിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന കമല്‍ഹാസന്‍-ശ്രീവിദ്യ പ്രണയമാണ് രഞ്ജിത്ത് 'തിരക്കഥ' എന്ന സിനിമയിലൂടെ അവതരിപ്പിച്ചതെന്ന് അക്കാലത്ത് ആരോപിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ ഈ ആരോപണങ്ങളെയെല്ലാം രഞ്ജിത്ത് നിഷേധിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് രഞ്ജിത്ത് ചില തുറന്നുപറച്ചിലുകള്‍ നടത്തി. 
 
ശ്രീവിദ്യ-കമല്‍ഹാസന്‍ പ്രണയം
 
കമല്‍ഹാസന്റെ സിനിമ കരിയറിന്റെ തുടക്കമായിരുന്നു അത്. 'അപൂര്‍വ്വരാഗങ്ങള്‍' എന്ന സിനിമയില്‍ കമല്‍ഹാസനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ചു. റൊമാന്റിക് സിനിമയായ അപൂര്‍വ്വരാഗങ്ങളിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ആഘോഷിക്കപ്പെട്ട സമയം കൂടിയായിരുന്നു അത്. 
 
കമല്‍ഹാസനും ശ്രീവിദ്യയുമായുള്ള സൗഹൃദം കൂടുതല്‍ വളര്‍ന്നത് അപൂര്‍വ്വരാഗങ്ങള്‍ക്ക് ശേഷമാണ്. പിന്നീട് ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായി. കമല്‍ഹാസനേക്കാള്‍ രണ്ട് വയസ് കൂടുതലാണ് ശ്രീവിദ്യക്ക്. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ആ പ്രണയം വിവാഹത്തില്‍ എത്തിയില്ല. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിനു സമ്മതിച്ചില്ല എന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മറിച്ച് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പ്രണയം തകരാന്‍ കാരണമെന്നും അക്കാലത്ത് ഗോസിപ്പുകളുണ്ടായിരുന്നു. കമലുമായുള്ള പ്രണയം തകര്‍ന്നതിനു പിന്നാലെ അക്കാലത്തെ സഹസംവിധാനയകന്‍ ജോര്‍ജ് തോമസിനെ ശ്രീവിദ്യ വിവാഹം കഴിച്ചു. എന്നാല്‍, ഈ ബന്ധവും അധികം നീണ്ടുനിന്നില്ല. 
 
ശ്രീവിദ്യയുടെ അവസാന സമയത്തും കമല്‍ഹാസന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. അര്‍ബുദ ബാധിതയായി ശ്രീവിദ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കമല്‍ഹാസന്‍ തന്റെ മുന്‍ കാമുകിയെ കാണാന്‍ അവിടെ എത്തിയിരുന്നു. 
 
രഞ്ജിത്തിന്റെ 'തിരക്കഥ'
 
പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് 'തിരക്കഥ'. 2008 സെപ്റ്റംബര്‍ 12 നാണ് തിരക്കഥ തിയറ്ററുകളിലെത്തുന്നത്. റിലീസ് ചെയ്ത ആദ്യം ദിവസം തന്നെ സിനിമ വിവാദങ്ങളില്‍ ഇടംപിടിച്ചു. ശ്രീവിദ്യ-കമല്‍ഹാസന്‍ പ്രണയമാണ് സിനിമയുടെ പ്രമേയമെന്ന് ആരോപണം ഉയര്‍ന്നു. പ്രിയാമണി അവതരിപ്പിച്ച മാളവികയെന്ന സിനിമാ താരത്തിന്റെ കഥാപാത്രത്തിനു ശ്രീവിദ്യയുമായി സാമ്യമുണ്ടെന്നും അനൂപ് മേനോന്‍ അവതരിപ്പിച്ച അജയചന്ദ്രന്‍ എന്ന കഥാപാത്രം കമല്‍ഹാസനെയാണ് ഉദ്ദേശിച്ചതെന്നും സിനിമാ നിരൂപകര്‍ വരെ ആരോപിച്ചു. സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെയെല്ലാം തള്ളി കളയുകയായിരുന്നു രഞ്ജിത്ത് അന്ന് ചെയ്തത്. 
 
രഞ്ജിത്തിന്റെ തുറന്നുപറച്ചില്‍ 
 
കോഴിക്കോട് 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രഞ്ജിത്ത് 'തിരക്കഥ'യിലെ പ്രമേയം കമല്‍ഹാസന്‍-ശ്രീവിദ്യ പ്രണയമല്ലെന്ന് പറഞ്ഞിരുന്നു. അതേസമയം, ഈ കഥയ്ക്ക് അവരുടെ പ്രണയവുമായി ചില ഭാഗങ്ങളില്‍ സാമ്യം വന്നു കാണാമെന്നും രഞ്ജിത്ത് സമ്മതിച്ചു. 'തിരക്കഥ'യുടെ പ്ലോട്ടിലേക്ക് താന്‍ എത്തിയത് എങ്ങനെയാണെന്നും രഞ്ജിത്ത് തുറന്നുപറഞ്ഞു. 'അര്‍ബുദം ബാധിച്ച് മരണത്തോട് മല്ലടിക്കുന്ന സമയത്ത് ശ്രീവിദ്യയെ കാണാന്‍ കമല്‍ഹാസന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. രോഗിയായി കിടക്കുന്ന സമയത്ത് സന്ദര്‍ശകരെയൊന്നും ശ്രീവിദ്യ അനുവദിച്ചിരുന്നില്ല. പ്രത്യേകിച്ച് സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നു വരുന്ന ആരെയും കാണാന്‍ തനിക്ക് താല്‍പര്യമില്ല എന്നായിരുന്നു ശ്രീവിദ്യയുടെ നിലപാട്. പക്ഷേ, കമല്‍ഹാസനെ കാണാന്‍ ശ്രീവിദ്യ സമ്മതിക്കുകയായിരുന്നു. അന്ന് ശ്രീവിദ്യ കമലുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. ആ സംഭവത്തില്‍ നിന്നാണ് 'തിരക്കഥ' എന്ന സിനിമയുടെ പ്ലോട്ട് മനസില്‍ ജനിച്ചത്,' രഞ്ജിത്ത് പറഞ്ഞു. മനപ്പൂര്‍വം ഉദ്ദേശിക്കാത്ത ചില സാമ്യതകള്‍ തന്റെ തിരക്കഥ എന്ന സിനിമയില്‍ വന്നുകാണും എന്നായിരുന്നു രഞ്ജിത്ത് ആവര്‍ത്തിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേ സമയം നാലു ഭാഷകളില്‍ റിലീസ്സിനൊരുങ്ങി തെലുങ്ക് സൂപ്പര്‍ താരം നാനിയുടെ 'ശ്യാം സിംഘ റോയ്'