Thudarum Movie Synopsis: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന സ്റ്റന്റ് മാസ്റ്ററും കുടുംബവും; 'തുടരും' പ്ലോട്ട് പുറത്ത്
ടീസറുകളിലും ട്രെയ്‌ലറിലും മോഹന്‍ലാലും ശോഭനയും തമിഴ് പറയുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു
Thudarum: മോഹന്‍ലാല്‍ ചിത്രം 'തുടരും' റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ 25 നു ചിത്രം വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ടീസറുകളിലും ട്രെയ്‌ലറിലും മോഹന്‍ലാലും ശോഭനയും തമിഴ് പറയുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അത് വെറുതെ തമിഴ് പറയുന്നതല്ല, ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് തമിഴ്‌നാടുമായി അടുത്ത ബന്ധമുണ്ട്. പണ്ട് തമിഴ്‌നാട്ടില്‍ സിനിമ സ്റ്റന്റ് മാസ്റ്ററായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രം. ചില പ്രത്യേക സംഭവങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ കഥാപാത്രം തമിഴ്‌നാട്ടില്‍ നിന്നു പരിചയപ്പെട്ട ഒരു യുവതിയുമായി (ശോഭന) നാടുവിടുന്നു. പിന്നീട് കേരളത്തില്‍ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ജോലി ചെയ്യുന്നത്. സന്തുഷ്ട കുടുംബമായി മുന്നോട്ടു പോകുന്നതിനിടെ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില നാടകീയ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.
റിലീസിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസറില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ വീട്ടിലെ ചില ഫോട്ടോ ഫ്രെയിമുകള്‍ കാണിക്കുന്നുണ്ട്. അതില്‍ കമല്‍ഹാസന്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്നത് കാണാം. തമിഴ്‌നാട്ടില്‍ ആയിരിക്കെ സിനിമകളില്‍ ജോലി ചെയ്തിട്ടുള്ളതിനാല്‍ ആയിരിക്കും ഇത്തരം ഫോട്ടോ ഫ്രെയിമുകള്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ വീട്ടില്‍ കാണിച്ചിരിക്കുന്നത്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം.