'മമ്മൂക്ക..സോറി..! ഞാന്‍ ആരേയും ഇത്ര കഷ്ടപ്പെടുത്തിയിട്ടില്ല'; ടര്‍ബോ അനുഭവം പങ്കുവെച്ച് സംവിധായകന്‍ വൈശാഖ്
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ ചിത്രീകരണ സമയത്ത് മമ്മൂട്ടിയെ ഏറെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞു
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ ഷൂട്ടിങ് പുരോഗമിച്ചിരിക്കുകയാണ്. വന്‍ മുതല്‍മുടക്കില്‍ മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ടര്‍ബോയുടെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസാണ്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആക്ഷനും കോമഡിക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ ചിത്രീകരണ സമയത്ത് മമ്മൂട്ടിയെ ഏറെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞു. ' ആദ്യമേ മമ്മൂക്കയോട് വലിയ സോറിയാണ് എനിക്ക് പറയാനുള്ളത്. കാരണം അത്രത്തോളം കഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ ഒരു സിനിമയിലും ആരെയും ഇതുവരെ ഇത്രയും കഷ്ടപ്പെടുത്തിയിട്ടില്ല. ഒരു പ്രാവശ്യം മമ്മൂക്ക എന്നോടു പറഞ്ഞു 'നീ എന്റെ പ്രായം മറന്നുപോകുന്നു' എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ മനസില്‍ മമ്മൂക്കയുടെ പ്രായം 45 നും 50 നും ഇടയിലാണെന്ന്. കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ മമ്മൂക്കയെ കണ്ടിട്ടുള്ളൂ. ഒരുപാട് രാവുകള്‍, പകലുകള്‍ മൂന്ന് മണി നാല് മണി വരെ...അങ്ങനെ നിരന്തരം ഷൂട്ട് ചെയ്തിട്ടുണ്ട്,' വൈശാഖ് പറഞ്ഞു.
അതേസമയം മമ്മൂട്ടിക്കമ്പനിയുടെ ആദ്യത്തെ ആക്ഷന്‍-കോമഡി ചിത്രമാണ് ടര്‍ബോ. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓണം അവധി ലക്ഷ്യമിട്ടാണ് ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ ഒരുങ്ങുന്നത്.