തന്റെ സിനിമയുടെ സെറ്റില്‍ ഒരു നടന്‍ മദ്യപിച്ച് ഉറങ്ങി പോയിട്ടുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കവെയാണ് വിജയ് ബാബു മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട്: ഒരു ഭീകര ജീവിയാണ് സിനിമയുടെ സെറ്റില്‍ നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞത്. ഷൂട്ടിന് ആ നടന്‍ എത്താത്തതിനാല്‍ സീന്‍ എടുക്കാനും പറ്റിയില്ല എന്നാണ് വിജയ് വെളിപ്പെടുത്തിയിരിക്കുന്നത്.
'എന്റെ ഒരു സിനിമയുടെ സമയത്ത് ഒരു നടന്‍ മദ്യപിച്ച് ഉറങ്ങപ്പോയി. പുള്ളിക്ക് ഫാമിലിയുമായി ബന്ധപ്പെട്ട എന്തോ ടെന്‍ഷനായിരുന്നു. പക്ഷെ ഞങ്ങള്‍ ചെന്ന് വിളിച്ചിട്ട് പുള്ളി കതക് തുറന്നില്ല. സഹനടനായിരുന്നു. ഞങ്ങള്‍ എടുക്കുന്ന സീനില്‍ പുള്ളി വേണം. കണ്‍ടിന്യൂവിറ്റിയാണ്. ഒഴിവാക്കാന്‍ പറ്റില്ല. ആട് സിനിമയുടെ ഷൂട്ട് സമയത്താണെന്ന് തോന്നുന്നത്. എത്ര വിളിച്ചിട്ടും പുള്ളി കതക് തുറന്നില്ല. ഹോട്ടലിലേക്ക് ലൊക്കേഷനില്‍ നിന്നും എത്താന്‍ ഒരു മണിക്കൂര്‍ വേണം. എല്ലാവരും രാവിലെ സെറ്റിലെത്തി പുള്ളി മാത്രം എത്തിയില്ല. അദ്ദേഹം വരാത്തതുകൊണ്ട് സീനും ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല.
പുള്ളി അങ്ങനെ കുടിക്കുന്നയാളല്ല. ഇത് ആല്‍ക്കഹോള്‍ ഹാന്റില്‍ ചെയ്യാന്‍ പറ്റാതെ പോയതാണ്. മദ്യപിച്ചു. ഫോണില്‍ സംസാരിച്ചു. ശേഷം ഉറങ്ങിപ്പോയി. കതക് തുറക്കാതെയായപ്പോള്‍ ഞങ്ങള്‍ ഭയന്നു. ഇതിനെല്ലാം ശേഷം പിന്നീട് പുള്ളി മാപ്പ് പറഞ്ഞ് വന്നു. അടുത്ത സിനിമയില്‍ നിന്നും മാറ്റരുത് എന്നൊക്കെ പറഞ്ഞു. ആ സംഭവത്തോടെ പുള്ളി മദ്യപാനം നിര്‍ത്തി', എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് ബാബു പറഞ്ഞത്.
സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും നടന്‍ സംസാരിക്കുന്നുണ്ട്. നിയമവിരുദ്ധമായ എന്തും തെറ്റാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന പ്രശ്‌നം സിന്തറ്റിക്ക് ഡ്രഗ്‌സിന്റെ കടന്നുകയറ്റമാണ്. കേരളത്തില്‍ ഉള്ളതുപോലെ സിന്തറ്റിക്ക് ഡ്രഗ്‌സിന്റെ ഉപയോഗം മറ്റ് എവിടെയും വ്യാപകമായി ഇല്ലാത്തതിന് കാരണം അവിടെ നിരവധി മദ്യഷോപ്പുകള്‍ ഉണ്ടെന്നതാണ്.
സംവിധായകന്റെയും ഗായകന്റെയും കയ്യില്‍ നിന്നും ലഹരി പിടിച്ചുവെന്നത് ആഘോഷിക്കുന്നത് റിയാലിറ്റിയില്‍ നിന്നും മാറി ആളുകളുടെ കണ്ണില്‍ പൊടിയിടുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവരുടെ പ്രവൃത്തി ശരിയാണെന്നല്ല ഞാന്‍ പറയുന്നത്. ഒരു ഗ്രാം കഞ്ചാവിന് പിറകെ പോകാതെ യുവ തലമുറയെ നശിപ്പിക്കുന്ന സിന്തറ്റിക്ക് ഡ്രഗ് സംസ്ഥാനത്ത് എത്തുന്ന റൂട്ട് ബ്രേക്ക് ചെയ്യുക എന്നാണ് വിജയ് ബാബു പറയുന്നത്.