മോഹന്‍ലാലിന്റെ പെരുച്ചാഴിക്ക് രണ്ടാം ഭാഗം; നുണ പറഞ്ഞിട്ട് എന്ത് കിട്ടാനാണെന്ന് വിജയ് ബാബു
വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവര്‍ ചേര്‍ന്നാണ് പെരുച്ചാഴി നിര്‍മിച്ചിരിക്കുന്നത്
Mohanlal - Peruchazi Movie
മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത 'പെരുച്ചാഴി' 2014 ലാണ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ പരാജയമായ ഈ സിനിമയില്‍ ജഗന്നാഥന്‍ എന്ന രസികന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും സിനിമാ പ്രേമികള്‍ക്കിടയില്‍ ഉണ്ട്. 'പെരുച്ചാഴി'ക്ക് രണ്ടാം ഭാഗം വരുന്നുണ്ടെന്ന ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആ പോസ്റ്റിനു താഴെ സിനിമയുടെ നിര്‍മാതാവ് കൂടിയായ നടന്‍ വിജയ് ബാബു കമന്റ് ചെയ്തിട്ടുമുണ്ട് !
'സിനിഫൈല്‍' എന്ന സിനിമ ഗ്രൂപ്പിലാണ് വിമല്‍ ബേബി എന്ന ഐഡിയില്‍ നിന്ന് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. പെരുച്ചാഴിയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്നും തിരക്കഥ മോഹന്‍ലാലിനു ഇഷ്ടപ്പെട്ടതിനാല്‍ 2025 മാര്‍ച്ച്, ഏപ്രിലോടു കൂടി ചിത്രീകരണം ആരംഭിക്കുമെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു വിജയ് ബാബു നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു.
' ഇങ്ങനെയൊരു വ്യാജ വിവരം പങ്കുവയ്ക്കുന്നതില്‍ എന്താണ് ഉദ്ദേശം? പെരുച്ചാഴി സിനിമയുടെ അവകാശം എന്റെ കൈയിലാണ്' എന്നാണ് വിജയ് ബാബുവിന്റെ കമന്റ്. പോസ്റ്റിനു താഴെയുള്ള കമന്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവര്‍ ചേര്‍ന്നാണ് പെരുച്ചാഴി നിര്‍മിച്ചിരിക്കുന്നത്. വിജയ് ബാബു ഈ സിനിമയില്‍ പ്രധാനപ്പെട്ട വേഷം അഭിനയിച്ചിട്ടുമുണ്ട്.