വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം ഗോട്ട് തിയേറ്ററിൽ വിജയമായിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ ആണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ ആഗോള കളക്ഷൻ 455 കോടിയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട കണക്കിൽ പറയുന്നത്. എന്നാൽ സിനിമയുടെ ലാഭം അതിലും വലുതാണെന്നും 455 കോടി എന്നത് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ ആണെന്ന് നിർമാതാവ് അർച്ചന കൽപ്പാത്തി വ്യക്തമാക്കുന്നു.
വിജയ്‌യെ പോലെയുള്ള വലിയ താരങ്ങളെ വെച്ച് സിനിമയെടുക്കുമ്പോൾ ഉള്ള ഗുണം എന്തെന്നാൽ റിലീസിന് മുൻപ് തന്നെ മറ്റു റൈറ്റുകൾ വിറ്റഴിക്കപ്പെടും, ഇത് നിർമാതാക്കളെ സേഫ് ആകുമെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അർച്ചന പറഞ്ഞു. ദി ഗോട്ടിന്റെ നോൺ തിയേറ്ററിക്കൽ റൈറ്റ്സ് വളരെ വലുതായിരുന്നു എന്നും അത് കൂടി കൂട്ടുമ്പോൾ സിനിമയുടെ ലാഭം വളരെ വലുതാണെന്നും അർച്ചന പറയുന്നു.
'ഞങ്ങൾ പുറത്തുവിട്ട 455 കോടി സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ ആണ്. സിനിമയുടെ ഒടിടി ഉൾപ്പടെയുള്ള മറ്റു ബിസിനസ്സുകൾ റിലീസിന് മുൻപ് തന്നെ വിറ്റുപോകും. സിനിമയുടെ ബഡ്ജറ്റിന്റെ ഒട്ടുമുക്കാലും അതിൽ നിന്ന് തന്നെ നിർമാതാക്കൾക്ക് തിരിച്ചുകിട്ടും. അങ്ങനെ ചെയ്യുമ്പോൾ തിയേറ്ററിൽ നിന്ന് കിട്ടുന്നതെല്ലാം ലാഭമാണ്', അർച്ചന പറയുന്നു.
തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്ക് അടുത്താണ് ചിത്രം നേടിയത്. ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗോട്ട്. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറി. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്.