മുലക്കരത്തിനെതിരെ പോരാടി രക്തസാക്ഷിയായ ധീരവനിത നങ്ങേലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ വിനയനാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. നങ്ങേലിയായി മലയാളത്തിലെ മുൻനിര നടിമാരിലൊരാളായ പാർവതി അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നിവാസിയായിരുന്നു നങ്ങേലി. തിരുവിതാംകൂര്‍ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കണമെങ്കില്‍ കരം അടയ്ക്കണമായിരുന്നു. തന്റെ മുലകള്‍ ഛേദിച്ച് നല്‍കിയാണ് നങ്ങേലി ഈ അന്യായ നികുതിക്കെതിരെ പ്രതിഷേധിച്ച് ജീവന്‍ വെടിഞ്ഞത്.
“കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19ആം നൂറ്റാണ്ടിലെ മാറുമറയ്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്. ഇതിനു മുന്‍പ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാന്‍ എഴുതിയിട്ടുമുണ്ട്. 2019 ല്‍ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്നും ചിത്രം തീയറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.” – വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നങ്ങേലിയുടെ ആരാധ്യപുരുഷനായിരുന്ന ആറാട്ടുപുഴ വേലായുധപണിക്കരെ അവതരിപ്പിക്കുന്നത് പ്രമുഖ നടനായിരിക്കുമെന്നും വിനയന്‍ വെളിപ്പെടുത്തുന്നു. അത് ടൊവിനോ ആയിരിക്കുമെന്നും സോഷ്യൽ മീഡിയകളിൽ ചർച്ച ആരംഭിച്ച് കഴിഞ്ഞു.