400 കോടി ചോദിച്ചെന്ന് മിഷ്‌കിന്‍, തുപ്പറിവാളന്‍ 2ല്‍ നിന്ന് മിഷ്‌കിനെ പുറത്താക്കി; ചിത്രം വിശാല്‍ സംവിധാനം ചെയ്യും !

ഗേളി ഇമ്മാനുവല്‍

തിങ്കള്‍, 24 ഫെബ്രുവരി 2020 (16:14 IST)
വിശാല്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം ‘തുപ്പറിവാളന്‍ 2’ വിവാദത്തില്‍. ചിത്രത്തില്‍ നിന്ന് സംവിധായകന്‍ മിഷ്‌കിന്‍ പുറത്തായി. ചിത്രത്തിന്‍റെ ബാക്കി വിശാല്‍ തന്നെ സംവിധാനം ചെയ്യും. വിശാല്‍ തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നതും.
 
വിശാലിനെ നായകനാക്കി മിഷ്‌കിന്‍ 2017ല്‍ സംവിധാനം ചെയ്‌ത തുപ്പറിവാളന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് തുപ്പറിവാളന്‍ 2. കനിയന്‍ പൂങ്കുണ്ട്രന്‍ എന്ന ഡിറ്റക്‍ടീവ് കഥാപാത്രത്തെയാണ് വിശാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഈ സിനിമയുടെ ചിത്രീകരണം യുകെയില്‍ പുരോഗമിച്ചുവരികയായിരുന്നു.
 
ഏറ്റവും പുതിയ വിവരം അനുസരിച്ച് മിഷ്‌കിന്‍ ഈ പ്രൊജക്ടില്‍ നിന്ന് പുറത്താവുകയും ബാക്കിയുള്ള ഭാഗം വിശാല്‍ തന്നെ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്‌തിരിക്കുന്നു. ചിത്രത്തിന്‍റെ ബജറ്റ് അസാധാരണമായി കുതിച്ചുയര്‍ന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
 
ലണ്ടനിലെ പല ലൊക്കേഷനുകളിലും അനുമതി കിട്ടാതെ ചിത്രീകരണസംഘം കുഴപ്പത്തിലായിരുന്നു. അതിനുപിന്നാലെയാണ് ബജറ്റ് റോക്കറ്റ് പോലെ കുതിച്ചത്. ആദ്യം പ്ലാന്‍ ചെയ്‌തതില്‍ നിന്ന് അധികമായി 40 കോടി രൂപ കൂടിയുണ്ടേങ്കിലേ ബാക്കി ഭാഗം ചിത്രീകരിക്കാനാവൂ എന്ന നിലപാട് മിഷ്‌കിന്‍ സ്വീകരിച്ചത്രേ.
 
അതേസമയം, ഈ സംഭവവികാസങ്ങളോട് മിഷ്‌കിന്‍ പരിഹാസരൂപേണയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. “ഞാന്‍ 40 കോടിയല്ല, 400 കോടിയാണ് ചോദിച്ചത്. ചിത്രത്തിന്‍റെ പകുതി ഭാഗം ഞാന്‍ 100 കോടി ബജറ്റില്‍ തീര്‍ത്തിരുന്നു. ബാക്കിയുള്ള ഭാഗം ചിത്രീകരിക്കുന്നതിനായി 100 കോടി രൂപ ചോദിച്ചു. ക്ലൈമാക്‍സില്‍ വിശാല്‍ സാറ്റലൈറ്റിന് മുകളില്‍ നിന്ന് ചാടുന്ന രംഗമുണ്ട്. അത് ചിത്രീകരിക്കാന്‍ മാത്രം 100 കോടി രൂപ ആവശ്യമുണ്ട്.”
 
എന്തായാലും തുപ്പറിവാളന്‍ 2ലെ ഈ സംഭവവികാസങ്ങളാണ് ഇപ്പോള്‍ തമിഴ് സിനിമാലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ട്രെയിനിൽ പാട്ടുപടി പണം പിരിച്ചിട്ടുണ്ട്: തുറന്ന് വെളിപ്പെടുത്തി ആയുഷ്മാൻ ഖുറാന