പ്രസവ ശേഷം ആലിയ ഭട്ട് തടി കുറച്ചത് 'പ്രമേഹത്തിനുള്ള' മരുന്ന് കുത്തി വച്ച്? മറുപടി നൽകി താരസുന്ദരി
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ വണ്ണം കുറച്ച് ആലിയ അന്ന് പലരേയും ഞെട്ടിച്ചിരുന്നു.
ബോളിവുഡിലെ താരസുന്ദരിമാരിൽ ഒരാളാണ് ആലിയ ഭട്ട്. നടൻ രൺബീർ കപൂറുമായുള്ള വിവാഹശേഷവും ആലിയ സിനിമയിൽ സജീവമായി തിളങ്ങി നിന്നിരുന്നു. ഇന്ന് രണ്ട് വയസുകാരി രാഹയുടെ അമ്മയാണ് ആലിയ. അമ്മയായ ശേഷവും ആലിയ അഭിനയം തുടർന്നു. രാഹയെ പ്രസവിച്ചതിന് പിന്നാലെയാണ് ആലിയ റോക്കി ഓർ റാണി കി പ്രേം കഹാനിയുടെ ചിത്രീകരണത്തിലേക്ക് എത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ വണ്ണം കുറച്ച് ആലിയ അന്ന് പലരേയും ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ താൻ വണ്ണം കുറച്ചതിനെക്കുറിച്ച് ആലിയ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. നേരത്തെ കരീന കപൂറിന്റെ ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോഴാണ് ആലിയ ഭാരം കുറച്ചതിനെക്കുറിച്ച് സംസാരിച്ചത്. ഒന്നും തനിക്ക് എളുപ്പമായിരുന്നില്ലെന്ന് ആലിയ വ്യക്തമാക്കി. മുലയൂട്ടുന്നതിനിടെയും താൻ ഡയറ്റും വർക്ക്ഔട്ടും ചെയ്യുമായിരുന്നുവെന്ന് ആലിയ വ്യക്തമാക്കി.
ഇതിനിടെ ആലിയ പെട്ടെന്ന് തടി കുറച്ചത് എളുപ്പ വഴികളിലൂടെയാണ് എന്ന് ചില പ്രചരണങ്ങളുണ്ടായിരുന്നു. പ്രമേഹ രോഗത്തിന് നൽകുന്ന ഒസെംപിക് മരുന്ന് കഴിച്ചും സർജറി ചെയ്തുമാണ് ആലിയ തടി കുറച്ചതെന്നായിരുന്നു ചില റിപ്പോർട്ടുകൾ പറഞ്ഞത്. എന്നാൽ ഇതിനെതിരെ വോഗിന് നൽകിയ അഭിമുഖത്തിൽ ആലിയ രംഗത്തെത്തി. അങ്ങനെയല്ലെന്ന് വ്യക്തമാക്കുകയാണ് ആലിയ.