അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ടിൽ പിറന്ന പുഷ്പ 1 ന്റെ രണ്ടാം ഭാഗം നാളെയാണ് റിലീസ്. റിലീസിന് മുന്നോടിയായി വൻ പ്രൊമോഷനാണ് അണിയറ പ്രവർത്തകർ നടത്തിയത്. ബീഹാർ, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ വലിയ പരിപാടിയായിരുന്നു നടത്തിയത്. സംവിധായകൻ സുകുമാർ, നിർമാതാവ്, അല്ലു അർജുൻ, രശ്‌മിക മന്ദാന തുടങ്ങിയവരെല്ലാം പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഒരൊറ്റ പ്രൊമോഷനിൽ പോലും ഫഹദ് ഫാസിൽ ഉണ്ടായിരുന്നില്ല.
റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് രസകരമായ ഈ നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്. പുഷ്പയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ഫഹദ് ഫാസിൽ പ്രൊമോഷൻ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്നു. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്. സിനിമയുടെ ഒരു പ്രൊമോഷനിൽ പോലും ഫഹദ് എത്താതിരിക്കുന്നത് തെലുങ്ക് മാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
തൻ്റെ കഥാപാത്രത്തെ കുറിച്ചോ സിനിമയെക്കുറിച്ചോ അദ്ദേഹം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു ഗ്രാൻഡ് പ്രീ-റിലീസ് ഇവൻ്റിനായി അല്ലു അർജുൻ കൊച്ചിയിൽ വന്നിരുന്നു. എന്നിട്ട് പോലും ഫഹദ് ഫാസിൽ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഈ അഭാവം നിഷേധാത്മകമായ ഒന്നും സൂചിപ്പിക്കണമെന്നില്ലെങ്കിലും, ഒരു പ്രധാന അഭിനേതാവ് എന്തുകൊണ്ടാണ് പൂർണ്ണമായും നിശബ്ദത പാലിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ആരാധകർ ഉയർത്തുന്നു. ഫഹദ് ഫാസിൽ പുഷ്പ ടീമുമായി കൊമ്പുകോർത്തിരിക്കുകയാണെന്നും സ്വരച്ചേർച്ച ഇല്ലെന്നുമൊക്കെയാണ് അഭ്യൂഹങ്ങൾ.