'ഈ സിനിമയിൽ ഞാനും നീയും ഒരേ ജാതിയാണ്'- ലുക്മാനോട് മമ്മൂക്ക പറഞ്ഞു; അത്ഭുതം !
ഞങ്ങൾ പറയാതെ തന്നെ അദ്ദേഹം അത് മനസിലാക്കി എന്നത് അത്ഭുതമാണ്
ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രം ‘ഉണ്ട’ തിയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെന്ന നടനെ മലയാളത്തിന് തിരിച്ച് കിട്ടിയ സിനിമയാണ് ഉണ്ട. ഉണ്ടയെ കുറിച്ച് കണ്ടവർക്കൊക്കെ നല്ല അഭിപ്രായമാണുള്ളത്. ഒരു സാധാരണക്കാരനായ പൊലീസുകാരന്റെ ചിത്രമാണിതെന്നാണ് അണിയറ പ്രവർത്തകർ മമ്മൂട്ടിയോട് പറഞ്ഞത്.
അൻവർ റഷീദ് വഴിയാണ് സംവിധായകനും കൂട്ടരും മമ്മൂട്ടിയെ കാണാനെത്തിയത്. മാസ് പരിവേഷങ്ങളൊന്നുമില്ലാതിരുന്നിട്ട് കൂടി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ സജിത് പുരുഷൻ ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. സജിത്തിന്റെ വാക്കുകളിങ്ങനെ:
‘മമ്മൂക്കയുടെ നായികയാകാൻ കുറെ പേരുകൾ ഉയർന്നു വന്നു. ജലജ, ഭാനുപ്രിയ എന്നീ പേരുകൾക്കൊപ്പം ഈശ്വറി റാവുവിന്റെ പേരുമുണ്ടായിരുന്നു. ഖാലിദും ഓകെയായിരുന്നു. എന്നാൽ, മമ്മൂക്കയോട് പറഞ്ഞപ്പോൾ അത് വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ, പിന്നീട് മമ്മുക്ക ഖാലിദിനോട് ഇങ്ങോട്ട് പറഞ്ഞു ‘നിങ്ങൾ പറഞ്ഞ പൊളിറ്റിക്സ് വെച്ചു നമ്മുടെ നായിക ഈശ്വരി റാവു കറക്റ്റ് ആകുമെന്ന്‘. അങ്ങനെയാണ് അവരിലേക്ക് എത്തുന്നത്.‘
‘മമ്മുക്ക ചെയ്യുന്ന മണികണ്ഠൻ എന്ന കഥാപാത്രം ഒരു താഴ്ന്ന ജാതിക്കാരൻ ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. സിനിമ കണ്ട എത്ര പേർക്ക് മണികണ്ഠൻ താഴ്ന്ന ജാതിക്കാരൻ ആണെന്ന് മനസിലായി കാണും എന്നുമറിയില്ല. പക്ഷേ, കഥ പറയാൻ ചെന്നപ്പോഴോ ഷൂട്ടിംഗിനിടയിലോ ഒന്നും അദ്ദേഹത്തോട് ‘മണിയുടെ ജാതിയെ’ കുറിച്ച് പറഞ്ഞിട്ടില്ല.‘
‘ഒരു സന്ദർഭത്തിൽ മമ്മുക്ക ലൊക്കേഷനിൽ വെച്ചു ലുക്ക്മാനുമായി സംസാരിച്ചപ്പോൾ തമാശക്ക് പറഞ്ഞു ” ഈ സിനിമയിൽ ഞാനും നീയും ഒരേ ജാതിയാണ്”എന്ന്. ഞങ്ങൾ ഒരിക്കൽ പോലും അത് വ്യക്തമാക്കിയിരുന്നില്ല. എന്നിട്ടു പോലും ആൾക്ക് അത് മനസിലായി എന്നത് അത്ഭുതമാണ്."- സജിത് പറയുന്നു.