ഷൈലോക്കിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂട്ടിക്കും ആരാധകർക്കും മറ്റൊരു സന്തോഷ വാർത്ത കൂടി. രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ ഇത്തവണ മമ്മൂട്ടി ലഭിക്കുമെന്ന് സൂചന. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള പത്മപുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിക്കും.
വിവിധ മേഖലകളിലെ പ്രതിഭകൾക്ക് രാജ്യം നൽകുന്ന ബഹുമതികളിൽ ഭാരതരത്നം കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന പുരസ്കാരമാണ് പത്മവിഭൂഷൺ. കഴിഞ്ഞ വർഷം മോഹൻലാലിനും മറ്റ് 14 പേർക്കും രാജ്യത്തെ മൂന്നാമത്തെ ഉയർന്ന പുരസ്കാരമായ പത്മഭൂഷൺ ലഭിച്ചിരുന്നു.
2018ൽ മമ്മൂട്ടി, മോഹൻലാൽ, സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത തുടങ്ങിയവർക്കു സംസ്‌ഥാനസര്‍ക്കാര്‍ പത്മഭൂഷണ്‍ ശിപാര്‍ശ ചെയ്‌തിരുന്നു. എന്നാൽ, അന്നേവർഷം ക്രിസോസ്‌റ്റത്തിനു മാത്രമായിരുന്നു ബഹുമതി ലഭിച്ചിരുന്നത്. 2017-ല്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനും പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു.
ഇത്തവണ കേന്ദ്രസർക്കാരിനു സംസ്ഥാന സർക്കാർ അയച്ച ലിസ്റ്റിൽ മമ്മൂട്ടിയുടെ പേരുണ്ടെന്നാണ് സൂചന. മംഗളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തവണ മമ്മൂട്ടിക്ക് പുറമേ മേരി കോമു ലിസ്റ്റിലുണ്ട്.