ഒടിയൻ- അഥവാ മേനോൻ തള്ളുകൾ!- സിനിമയെ കുറിച്ച് നിരൂപകൻ ശൈലൻ പറയുന്നു
ചന്ദ്രോൽസവം + വടക്കുംനാഥൻ= ഒടിയൻ!
പ്രശസ്ത കവിയും പ്രമുഖ നിരൂപകനുമായ ശൈലന്റെ ഒടിയനെ കുറിച്ചുള്ള റിവ്യു ആണ് ഫേസ്ബുക്കിൽ വൈറലാകുന്നത്. മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സമ്മിശ്രമായ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
മോഹൻലാലിന്റെ തന്നെ ചന്ദ്രോൽസവം, വടക്കുംനാഥൻ എന്നീ ചിത്രങ്ങൾ ഒടിയനുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് ശൈലൻ വിശദീകരിക്കുന്നത്. കേരളം ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും മ്യാരകമായ വിസ്ഫോടനശേഷിയുള്ള മേനോൻ തള്ളുകൾ കേട്ട് ഇയാളെന്തോ ഗുണാണ്ട്രനാണെന്ന് തെറ്റിദ്ധരിച്ച് നാലുമണിക്ക് ചൂട്ടുട്ടുകത്തിച്ച് പോയവർക്കേ പ്രതീക്ഷ തെറ്റിയിട്ടുണ്ടാവൂ എന്ന് അദ്ദേഹം പറയുന്നു.
ശൈലന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വില്ലന്റെ പ്രണയകഥ ആയിരുന്നു രഞ്ജിത്തിന്റെ 'ചന്ദ്രോൽസവം'. മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ നായികയെ ഇത്രമാത്രം അന്ധമായും അർപ്പണബോധത്തോടെയും ഉള്ളുരുകി പ്രണയിച്ച മറ്റൊരു വില്ലനും രാമനുണ്ണിയെപ്പോൽ ഉണ്ടാവില്ല..
രാമനുണ്ണിയുടെ തീർത്തും വികലമായൊരു വികൃതാനുകരണമാണ് ഒടിയനിലെ രാവുണ്ണി നായർ. പ്രകാശ് രാജിനെപ്പോലെ ഒരു മഹാനടനെ വിഡ്ഢിവേഷം കെട്ടിക്കാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല...
രണ്ടുപടത്തിന്റെയും സ്കെലിട്ടൺ ഏകദേശം ഒന്നുതന്നെയെങ്കിലും രാമനുണ്ണിയെപ്പോലൊരു മഹാകാമുകൻ മാത്രമല്ല, അയാൾക്ക് പ്രണയിക്കാൻ പോന്ന ഇന്ദുലേഖയെപ്പോലൊരു പ്രണയധാമവും ഒടിയനിൽ മിസ്സിംഗ് ആണ്..
ചന്ദ്രോൽസവത്തിൽ ചിറക്കൽ ശ്രീഹരിയായിരുന്നു മിസ്കാസ്റ്റിംഗ് (ഒരേക്ലാസിൽ പഠിച്ച രാമനുണ്ണിയുടെയും ഇന്ദുലേഖയും പ്രായം ശ്രീഹരിയുടെ മധ്യവയസ്കതയുമായി compare ചെയ്തുനോക്കുക) എങ്കിൽ ഇവിടെ നായികയായ പ്രഭയാണ് ലതിന്റെ പരകോടി. ചെറുപ്പകാലമായി വരുന്ന മഞ്ജുവാര്യരാണെന്നുതോന്നുന്നു മധ്യവയസ്കയേക്കാൾ ഇത്തിരി കൂടി ഭേദം..
ക്ലീഷെ ആണെങ്കിലും തള്ളിന്റെ വല്യാപ്പ ആണെങ്കിലും ശ്രീഹരി അല്പം കാല്പനികതയൊക്കെയുള്ള രസികൻ ക്യാരക്റ്റർ ആയിരുന്നു.. ബട്ട് ഒടിയൻ മാണിക്കൻ എന്താണെന്ന് നമ്മൾക്കും മനസിലായിട്ടില്ല മേനോനും മനസിലായിട്ടില്ല മോഹൻലാലിനും മനസിലായിട്ടില്ല എന്നത് ഒരു വൻ വറൈറ്റി ആയി പറയാം..
എൺപതുകളുടെ തുടക്കത്തിൽ മലപ്പുറം ജില്ലയിൽ ബാല്യകാലം ചിലവഴിച്ച എനിക്ക് #ഒടിയൻ എന്നത് ഇപ്പോഴും ഭീതിയും നിഗൂഢതയും പകരുന്ന ചില കെട്ടുകഥകളുടെ സജീവമായ ഓർമ്മയാണ്. വെക്കേഷൻ കാലത്ത് അമ്മവീട്ടിൽ വിരുന്നുചെല്ലുമ്പോൾ അന്ന് വൈദ്യുതി എത്തിയിട്ടില്ലാത്ത ആ ഗ്രാമത്തിൽ ഓരോ വാഴയിലയനക്കത്തിലും കേട്ടക്കഥകളിലെ ഭീകരനായ ഒടിയൻ ഉണ്ടായിരുന്നു...
(ഏതായാലും ഇന്നുമുതൽ ഈ കഥകളൊന്നും നിലവിലില്ലാത്ത മറ്റു വടക്കൻ/തെക്കൻ/മധ്യകേരളമലയാളികൾക്കെല്ലാം മുന്നിൽ ഒടിയൻ വെറും ഊമ്പനായി മാറി)
സിനിമയിൽ വളരെയധികം ഫാന്റസിസാധ്യതകൾ നിറഞ്ഞുനുൽക്കുന്ന ഒരു മിഥിക്കൽ പരിസരം മനസിൽ നിറഞ്ഞുനിൽക്കുന്ന ഒടിയൻ കഥകൾക്കെല്ലാമുണ്ട്... പക്ഷെ ശ്രീകുമാരമേനോൻ അതിന്റെ ഉപരിപ്ലവതയിൽ നിന്ന് ഒരു നേരിയ പാടയെടുത്ത് ചന്ദ്രോൽസവത്തിൽ തന്ത്രപൂർവം പുതയ്ക്കുകയാണ് ചെയ്യുന്നത്...
ചന്ദ്രോൽസവം മാത്രമെന്ന് പറയാനാവില്ല തുടക്കമൊക്കെ വടക്കുംനാഥൻ ആണ്.. മീഡിയോക്കറുകളാണ് മേനോന്റെ ടെക്സ്റ്റ്...
അതുമനസിലാക്കി അതിനെ അതിന്റെതായ രീതിയിൽ കണ്ടാൽ ഒടിയൻ എന്ന മോഹൻലാൽസിനിമയ്ക്ക് കുഴപ്പമൊന്നുമില്ല എന്നുകൂടിപ്പറയാം.. കേരളം ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും മ്യാരകമായ വിസ്ഫോടനശേഷിയുള്ള മേനോൻ_തള്ളുകൾ കേട്ട് ഇയാളെന്തോ ഗുണാണ്ട്രനാണെന്ന് തെറ്റിദ്ധരിച്ച് നാലുമണിക്ക് ചൂട്ടുട്ടുകത്തിച്ച് പോയവർക്കേ പ്രതീക്ഷ തെറ്റിയിട്ടുണ്ടാവൂ..
ഒരു ഷോർട്ട്ഫിലിം പോലും ഇതുവരെ ചെയ്തുകാണിച്ചിട്ടില്ലാത്ത മേനോൻ, പദ്മകുമാറിന്റെയോ ഷാജികുമാറിന്റെയോ ഒക്കെ കാരുണ്യത്താൽ ഇത്ര ഒപ്പിച്ചല്ലോ.. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യം സമ്മാനിക്കുന്ന നേരിയ അസ്വസ്ഥത മാറ്റിവെച്ചാൽ വാച്ചബിൾ ആയ ക്വാളിറ്റി സ്ക്രീനിനുണ്ട്.
പിന്നെയിപ്പോ വെളിപാടിന്റെയും 1971ന്റെയും വില്ലന്റെയും നീരാളിയുടെയും പാതയിലൂടെ വരുന്ന ലാലേട്ടനാണോ കുളിര്.. ആ ഒരു സ്പിരിറ്റിൽ കാണെടേയ്...
ഒരു നിലയ്ക്കും പ്രസക്തിയില്ലാത്ത ഒരു ക്യാരക്റ്ററും ഒരു കാര്യോവില്ലാത്ത മെയ്ക്കോവറും മേനോന്റെ തള്ളും വച്ച് ഇത്രയും ഹൈപ്പുണ്ടാക്കാനായില്ലേ...