'മലൈക്കോട്ടൈ വാലിബന്‍' തിയറ്ററുകളില്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സിനിമ എങ്ങനെയുള്ളതായിരിക്കുമെന്ന് ചോദ്യം ഇപ്പോഴും ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. അതിനൊരു ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റുമായ ടിനു പാപച്ചന്‍.മുത്തശ്ശിക്കഥ പോലൊരു കഥയാണ് മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ലിജോ ചേട്ടന്‍ പറയാറുള്ളത് തന്നെ ടിനു പറഞ്ഞു തുടങ്ങുന്നു.
'ലിജോ ചേട്ടന്‍ പറഞ്ഞതുപോലെ മുത്തശ്ശിക്കഥ പോലൊരു കഥയാണ് മലൈക്കോട്ടൈ വാലിബന്‍. ബാലരമ, അമര്‍ചിത്രകഥ ഒക്കെ വായിച്ചതുപോലെ, അല്ലെങ്കില്‍ അമ്മൂമ്മമാര്‍ നമുക്കു പറഞ്ഞു തന്ന കഥകള്‍ പോലെ ഒരു നാടോടിക്കഥ. ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമ പ്രതീക്ഷിച്ചു വരുന്നവര്‍ക്ക് നിരാശരാകേണ്ടി വരില്ല. തിയറ്ററില്‍ ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും വാലിബന്‍ തരുന്നത്. പുതിയൊരു എക്‌സ്പീരിയന്‍സ് ആയിരിക്കും ഈ സിനിമ',-ടിനു പാപ്പച്ചന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
വാലിബന്‍ ഒരു മാസ് സിനിമയായി മാത്രം കാണരുതെന്ന് എന്നാണ് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞത്. കഴിഞ്ഞദിവസം ട്വിറ്ററില്‍ നടത്തിയ ഫാന്‍ ചാറ്റിലാണ് ലാല്‍ മനസ്സ് തുറന്നത്.
'നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ',- മോഹന്‍ലാല്‍ പറഞ്ഞു.