ജനപ്രിയ നായകൻ ദിലീപിന്റേതായി ചിത്രീകരണത്തിൽ ഇരിക്കുന്ന ചിത്രമാണ് പ്രൊഫസ്സർ ഡിങ്കൻ. ചിത്രത്തെ വെട്ടിലാക്കി പുതിയ കേസ്. ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ ഇപ്പോൾ തട്ടിപ്പിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പ്രൊഫസ്സർ ഡിങ്കൻ നിർമാതാവ് സനൽ തോട്ടത്തിനു എതിരെയാണ് കോടികളുടെ തട്ടിപ്പിന് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തിന്റെ പേര് പറഞ്ഞു അഞ്ചു കോടി രൂപയാണ് ഇയാൾ പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. ഇത് കൂടാതെ ഈ സിനിമയുടെ പേരിൽ പലരിൽ നിന്നായി കോടികൾ ഇയാൾ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏകദേശം രണ്ടു വർഷം മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം ഇപ്പോൾ മുടങ്ങി കിടക്കുകയാണ്. പ്രശസ്ത ക്യാമറാമാൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രൊഫസ്സർ ഡിങ്കൻ. ഒരു ത്രീഡി ചിത്രമായാണ് അദ്ദേഹം ഇത് ഒരുക്കുന്നത്. എന്നാൽ ചിത്രം പൂർത്തിയാക്കാൻ നിർമ്മാതാവ് സനൽ തോട്ടം തയ്യാറാവാത്ത സാഹചര്യത്തിൽ ആണ് അദ്ദേഹത്തിന് പണം കടം കൊടുത്തവർ ഇപ്പോൾ കേസുമായി മുന്നോട്ടു പോകുന്നത്.