പുലിമുരുകന് ശേഷം കൂടുതല്‍ വലിയ സിനിമകള്‍ ചെയ്യുക എന്നതാണ് മോഹന്‍ലാലിന്‍റെ പുതിയ പോളിസി. ബജറ്റിന്‍റെ കാര്യത്തിലും ക്വാളിറ്റിയുടെ കാര്യത്തിലും പുലിമുരുകനെ വെല്ലുന്ന സിനിമകള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
‘ഒടിയന്‍’ എന്ന സിനിമ അത്തരത്തില്‍ ഒന്നാണ്. ഈ സിനിമയ്ക്ക് 45 മുതല്‍ 50 കോടി വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. വി എ ശ്രീകുമാര്‍ മേനോനാണ് സംവിധായകന്‍.
മോഹന്‍ലാലിന് പുറമെ അമിതാഭ് ബച്ചന്‍, പ്രകാശ് രാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. ദുര്‍മന്ത്രവാദമാണ് ചിത്രത്തിന്‍റെ പ്രമേയം.
മമ്മൂട്ടിക്ക് കുട്ടിസ്രാങ്ക് എഴുതിനല്‍കിയ ഹരികൃഷ്ണനാണ് ഒടിയന്‍റെ രചയിതാവ്. പുലിമുരുകന്‍റെ ഛായാഗ്രാഹകനായ ഷാജിയാണ് ഒടിയനും ക്യാമറയിലാക്കുന്നത്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ സംവിധാനം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, സംഗീതം എം ജയചന്ദ്രന്‍.
പാലക്കാട്, പൊള്ളാച്ചി, ഹൈദരാബാദ്, ബനാറസ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മേയ് 25ന് തുടങ്ങും.