രാമലീല സംസാരിക്കും, അരുണ്‍ ഗോപിക്ക് വേണ്ടി!
ഒരു ജീവിതം പൊരുതി നേടിയ കരിയറിലെ ഏറ്റവും നിര്‍ണ്ണായകമായ നിമിഷങ്ങളിലാണ് രാമലീലയുടെ സംവിധായകന്‍
സെപ്തംബര്‍ 28നു റിലീസ് ചെയ്യാനിരിക്കുന്ന രാമലീലയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം. ജനപ്രിയനടന്‍ ദിലീപ് നായകനാകുന്ന ചിത്രം. പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ചിത്രം. കഴിഞ്ഞ മൂന്ന് മാസം മുന്‍പ് വരെ ഇതുമാത്രമായിരുന്നു രാമലീലയുടെ പ്രത്യേകത.
എന്നാല്‍, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തതോടെ കഥകളാകെ മാറി. പീഡനക്കേസില്‍ അഴിയെണ്ണുന്ന നടന്റെ സിനിമ ആയി മാറി രാമലീല. രാമലീലയെ അങ്ങനെയാക്കി മാറ്റാന്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരണവും ശക്തമായി. രാമലീല റിലീസ് ചെയ്യുന്നത് വരെ അത് ദിലീപ് എന്ന നടന്റെ ലേബലില്‍ അറിയപ്പെടുമെന്നത് സത്യം.
ഒരു ജീവിതം പൊരുതി നേടിയ കരിയറിലെ ഏറ്റവും നിര്‍ണ്ണായകമായ ദിവസങ്ങളാണ് അരുണിനു മുന്നിലെന്ന് എഴുത്തുകാരനും സംവിധായകനുമായ കലവൂര്‍ രവികുമാര്‍. മുന്നില്‍ തിരസ്കാരങ്ങളും സങ്കടങ്ങളും നിറഞ്ഞു നിന്നിരുന്ന പണ്ടത്തെ കാലത്തേക്കാള്‍ വലിയ സംഘര്‍ഷത്തിലാണ് അരുണ്‍ ഇന്ന് നില്‍ക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
‘ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ഒരു സാധാരണ കുടുംബത്തില്‍ നിന്ന് അത്യധ്വാനം കൊണ്ട് സിനിമയില്‍ വന്നു കയറിയ ചെറുപ്പക്കാരനാണ് അരുണ്‍ ഗോപി. സിനിമ മാത്രം അയാള്‍ സ്വപ്നം കാണുന്നു. സിനിമ പഠിക്കാന്‍ നിഷ്ഠ കാട്ടുന്നു. അതും വിട്ടു വീഴ്ചയില്ലാത്ത നിഷ്ഠ. അരുണിന്റെ സിനിമ അരുണിന് വേണ്ടി സംസാരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. സിനിമ ജീവിതമാക്കിയ അരുണും ആ സിനിമയ്ക്കു വേണ്ടി പതിനെട്ടു കോടിയോളം മുടക്കിയ നിർമ്മാതാവും സിനിമ അന്നമാക്കിയ എല്ലാവരുടെ പിന്തുണയും അർഹിക്കുന്നു. ഞാൻ അരുണിന്റെ സിനിമ കാണും. - കലവൂര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.