Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വില്ലൻ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല' : സിദ്ദിഖ്

വില്ലനെ കുറിച്ച് സിദ്ദിഖ്

സിദ്ദിഖ്
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (14:16 IST)
മോഹൻലാൽ നായകനായ 'വില്ലൻ' സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തി അഭിനയിച്ച സിദ്ദിഖ് തന്നെ സിനിമയെ കുറിച്ച് വ്യക്തമാക്കുന്നു. വില്ലന്‍ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന ആമുഖത്തോടെയാണ് സിദ്ധിഖിന്റെ കുറിപ്പ് ആരംഭിക്കുന്നത്.  
 
സിദ്ദിഖിന്റെ വാക്കുകൾ:
 
വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നുന്നതിനു കാരണം ഇതാണ്. ഞാൻ ഇന്നലെയാണ് "വില്ലൻ" സിനിമ കണ്ടത്. ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. 
 
അഭിനയിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമയേക്കുറിച്ചു എനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നു. ഇതിപ്പം എന്‍റെ സിനിമയല്ലേ? ഞാൻ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളു. എന്നാലും എനിക്ക് പറയാനുള്ളത് പറയാതിരിക്കാൻ പറ്റുന്നില്ല. ഞാൻ ഈ അടുത്തകാലത്തു കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് "വില്ലൻ". വ്യക്തി ബന്ധങ്ങളുടെ ആഴങ്ങൾ ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. 
 
മോഹൻലാലും മഞ്ജുവും തമ്മിൽ, ഞാനും മോഹൻലാലും തമ്മിൽ, വിശാലും ഹൻസികയും ഒക്കെ തമ്മിലുള്ള ബന്ധങ്ങൾക്ക് എന്തൊരു ദൃഢതയാണ്! ഒരാൾ മറ്റൊരാൾക്കു വേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ, കരുതലുകൾ ഒക്കെ എത്ര ഭംഗി ആയിട്ടാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. നമ്മുടെ സാമാന്യ യുക്തിക്കു നിരക്കാത്ത ഒരു സസ്പെന്സിലൂടെ പ്രേക്ഷകരെ "ഞെട്ടിക്കാൻ" സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് ഒരു പോരായ്മയായി എനിക്ക് തോന്നിയില്ല. 
 
സ്വപ്നലോകത്തു നിന്ന് ഇറങ്ങി വന്നു നമ്മളെ കൊണ്ട് കയ്യടിപ്പിച്ചു കടന്നു പോകുന്ന ഒരു നായകൻ ഈ ചിത്രത്തിലില്ല. പകരം ജീവിത യാഥാർത്യങ്ങൾ കണ്ടു പതം വന്ന ഒരു സാധാരണ മനുഷ്യൻ മാത്രമാണ് ഇതിലെ നായകൻ. ജീവിതത്തിൽ ഒരാൾ അനുഭവിക്കേണ്ടി വരുന്ന തീക്ഷ്ണമായ വേദന മഞ്ജു വാരിയർ എന്ന അഭിനേത്രിയുടെ ഒരു കണ്ണിലൂടെ നമുക്ക് കാണാം.
 
നന്നായി അഭിനയിക്കുമ്പോഴല്ല അഭിനയിക്കാതിരിക്കുമ്പോഴാണ് ഒരു നടൻ നല്ല നടനായി മാറുന്നതെന്ന് മലയാളിയെ മനസിലാക്കി തന്ന മോഹൻലാൽ, ഒരു നടൻ എന്ന നിലയ്ക്ക് ഞാൻ ഇനി എന്തെല്ലാം പഠിക്കാനിരിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ എന്നെ ബോധ്യപ്പെടുത്തുന്നു. സാങ്കേതികത്തികവിൽ മലയാള സിനിമ മറ്റു ഭാഷാ ചിത്രങ്ങളോട് മത്സരിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു.
 
തുടക്കത്തിൽ ഞാൻ പറഞ്ഞ വാക്കുകൾ മാറ്റി പറയുന്നതിൽ എന്നോട് ക്ഷമിക്കണം. ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം വില്ലൻ ബി ഉണ്ണിക്കൃഷ്ണന്‍റെയൊ, മോഹൻലാലിന്‍റെയൊ വിശാലിന്‍റെയൊ മാത്രം സിനിമയല്ല, എന്‍റെയും കൂടിയല്ലേ. ഈ സിനിമക്ക് എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ട് നിങ്ങളുടെ സ്വന്തം സിദ്ധിഖ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമലീലയെ തകർക്കാൻ സംഘടിത നീക്കം, ദിലീപ് ഞെട്ടിച്ചു!