ലാല്‍ ജോസിന് നല്‍കാന്‍ മോഹന്‍ലാലിന് സമയമില്ല, തല്‍ക്കാലം ദുല്‍ക്കര്‍ പടം!
ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രം വൈകുന്നു, കാരണമെന്തെന്നോ?
ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രം എന്ന് തുടങ്ങും? അക്കാര്യത്തില്‍ കൃത്യമായ ഒരുത്തരം നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല. കാരണം മോഹന്‍ലാലിന്‍റെ തിരക്കുതന്നെ. വിസ്മയം, ജനതാ ഗാരേജ് എന്നീ അന്യഭാഷാ ചിത്രങ്ങള്‍ മെഗാഹിറ്റായതിന് പിന്നാലെ ‘ഒപ്പം’ എന്ന ബ്ലോക്ബസ്റ്റര്‍ കൂടി സംഭവിച്ചതോടെ മോഹന്‍ലാലിന്‍റെ ഡേറ്റിനായി നിര്‍മ്മാതാക്കള്‍ പരക്കം പായുകയാണ്.
ഒട്ടേറെ വമ്പന്‍ സംവിധായകര്‍ മോഹന്‍ലാലിന്‍റെ ഡേറ്റിനായി ക്യൂവിലാണ്. അതിനിടയില്‍ ലാല്‍ ജോസ് ചിത്രത്തിന് എപ്പോള്‍ സമയം കണ്ടെത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയിലാണ് ലാല്‍ ജോസ് മോഹന്‍ലാല്‍ ചിത്രം പ്ലാന്‍ ചെയ്തത്. ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരുന്നു ലാല്‍ ജോസ് ഉദ്ദേശിച്ചത്.
എന്തായാലും മോഹന്‍ലാല്‍ ചിത്രത്തേപ്പറ്റി പിന്നീട് ആലോചിക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ ലാല്‍ ജോസ്. ഒരു ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലാലു. ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ ഒരു ഫാമിലി ത്രില്ലറാണ് ലക്‍ഷ്യമിടുന്നത്. ജോമോന്‍ ടി ജോണായിരിക്കും ഛായാഗ്രഹണം.
സത്യന്‍ അന്തിക്കാടിന്‍റെയും അമല്‍ നീരദിന്‍റെയും ചിത്രങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ലാല്‍ ജോസിന്‍റെ സിനിമയില്‍ ജോയിന്‍ ചെയ്യും.