ദിലീപിന്‍റെ വാളയാര്‍ പരമശിവം വരുന്നു, ഉദയ്കൃഷ്ണ സംവിധായകന്‍ !

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (16:02 IST)
വീണ്ടും ദിലീപ് ചിത്രങ്ങളുടെ വസന്തകാലമാണ് മലയാള സിനിമയില്‍. രാമലീല വന്‍ ഹിറ്റായതിന് പിന്നാലെ ബിഗ് ബജറ്റില്‍ രണ്ട് ചിത്രങ്ങള്‍ ഒരുങ്ങുകയാണ്. കമ്മാരസംഭവവും പ്രൊഫസര്‍ ഡിങ്കനും.
 
ഈ സിനിമകള്‍ക്ക് ശേഷം ദിലീപ് അഭിനയിക്കുന്ന മാസ് ചിത്രം തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ സംവിധാനം ചെയ്യും. ഉദയ്കൃഷ്ണയുടെ ആദ്യ സംവിധാന സംരംഭമായിരിക്കും ഇത്. ഏകദേശം 20 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഉദയ്കൃഷ്ണ തന്നെ നിര്‍മ്മിക്കാനും സാധ്യതയുണ്ട്.
 
‘റണ്‍‌വേ’യുടെ രണ്ടാം ഭാഗമായ ‘വളയാര്‍ പരമശിവം’ ആണ് ഈ പ്രൊജക്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. മുമ്പ് ജോഷി ചെയ്യാനിരുന്നതാണ് ഈ പ്രൊജക്ട്. എന്നാ ആദ്യമായി ഉദയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ബ്രഹ്മാണ്ഡഹിറ്റാകണമെന്ന നിര്‍ബന്ധം ദിലീപിനും ഉണ്ടത്രേ. അതുകൊണ്ട് വാളയാര്‍ പരമശിവത്തിലൂടെ ഉദയന്‍ അരങ്ങേറട്ടെ എന്ന് തീരുമാനിച്ചതായാണ് അറിയുന്നത്.
 
ഇക്കാര്യത്തില്‍ ജോഷിയുടെ അനുഗ്രഹവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാളയാര്‍ പരമശിവത്തിന് പകരം മോഹന്‍ലാല്‍ നായകനാകുന്ന വയനാടന്‍ തമ്പാന്‍ എന്ന വമ്പന്‍ സിനിമയുടെ തിരക്കഥ ഉദയ്കൃഷ്ണ ജോഷിക്ക് നല്‍കും.
 
തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചേസ് രംഗങ്ങളും വാളയാര്‍ പരമശിവത്തിന്‍റെ ഹൈലൈറ്റായിരിക്കും. എന്നാല്‍ ഈ സിനിമയില്‍ കാവ്യാ മാധവന്‍ തന്നെ നായികയാകുമോ എന്ന് ഉറപ്പായിട്ടില്ല.
 
2004ലാണ് റണ്‍‌വേ റിലീസാകുന്നത്. അന്ന് ദിലീപിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ഒരുക്കാന്‍ പോകുന്നു എന്നറിഞ്ഞ് പലരും ജോഷിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആത്മഹത്യാപരമായ തീരുമാനമായിരിക്കും അതെന്നൊക്കെയാണ് ജോഷിക്ക് ലഭിച്ച ഉപദേശങ്ങള്‍. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയ ജോഷി റണ്‍‌വേ മെഗാഹിറ്റാക്കി മാറ്റി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിവാഹം ചെയ്യണം, അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കും; ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദന്‍