'എന്തൊരു മകളെയാടോ താൻ ഉണ്ടാക്കി വിട്ടതെന്ന് ലോഹിതദാസ് വിളിച്ച് ചോദിച്ചു': മൈത്രേയൻ
ഈ സിനിമ ചെയ്‌താൽ നീ രക്ഷപ്പെടുമെന്ന് അയാൾ; അങ്ങനെ ഇപ്പൊ രക്ഷപ്പെടേണ്ടന്ന് കനി
നിരവധി അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കിയ നടിയാണ് കനി കുസൃതി. സിനിമയ്ക്ക് പുറമെ കൃത്യമായ രാഷ്ട്രീയമുള്ള ആളാണ് കനി. ഒപ്പം, തന്റെ നിലപാടുകൾ തുറന്നു പറയാൻ കനി കുസൃതിക്ക് യാതൊരു മടിയുമില്ല. ഇപ്പോഴിതാ കനിയെ കുറിച്ച് മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കനിയുടെ മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും തുറന്ന് പറയുന്നത്.
കനി ഏതൊക്കെ സിനിമയിൽ അഭിനയിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്നതൊന്നും തങ്ങൾക്ക് അറിയില്ലെന്നാണ് ഇരുവരും പറയുന്നത്. വലിയ അവസരങ്ങൾ അവൾക്ക് ലഭിച്ചിട്ടും കനിയത് തട്ടിക്കളയുന്നതാണ് തങ്ങൾ കണ്ടിട്ടുള്ളതെന്നും ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ ഒന്നും ഞങ്ങൾക്കിടയിൽ ഇല്ലെന്നും മൈത്രേയൻ പറഞ്ഞു.
'സിനിമാ തെരഞ്ഞെടുപ്പുകളെ കുറിച്ചോന്നും ഞങ്ങൾ അറിയാറില്ല. ബിരിയാണിയിൽ അഭിനയിച്ചത് പോലും ഒരുപാട് കഴിഞ്ഞാണ് അറിഞ്ഞത്. ഒരിക്കൽ ലോഹിതദാസിൻ്റെ അസിസ്റ്റൻ്റ് വിളിച്ചിട്ട് നടി മീര ജാസ്‌മിനൊപ്പം സിനിമയിൽ അവസരമുണ്ടെന്ന് പറഞ്ഞു. പക്ഷേ വിളിച്ചയാളുടെ സംസാരം കേട്ടതോടെ ഇവൾ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അയാൾ അന്ന് കനിയോട് പറഞ്ഞത് ഈ ക്യാരക്ടർ ചെയ്‌താൽ നീ രക്ഷപ്പെടും' എന്നായിരുന്നു. 'അങ്ങനെ രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന്' അവളും പറഞ്ഞു.
ഇതറിഞ്ഞ ലോഹിതദാസ് എന്നെ വിളിച്ചിരുന്നു. 'എന്തൊരു മകളെയാടോ താൻ ഉണ്ടാക്കി വിട്ടതെന്ന്' ചോദിച്ചു. ആ ചാൻസ് അങ്ങനെ മിസ് ആക്കി. അതുപോലെ എന്നിലൂടെ വന്ന അവസരങ്ങൾ അവളോട് പറഞ്ഞെങ്കിലും അതിലൊന്നും അവൾ അഭിനയിച്ചില്ല. അവരെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു എന്നല്ലാതെ എന്തുകൊണ്ടാണ് നീ ആ സിനിമയിൽ അഭിനയിക്കാത്തത് എന്നൊന്നും ഞാൻ തിരിച്ച് ചോദിച്ചിട്ടില്ല', മൈത്രേയൻ പറയുന്നു.