മമ്മൂട്ടി നായകനാകുന്ന മാമാങ്കം എന്ന ചരിത്ര സിനിമ വിവാദത്തിലേക്ക്. മാമാങ്കത്തിൽ നിന്നും ക്വീൻ നായകനായ ധ്രുവനെ പുറത്താക്കിയത് നടൻ ഉണ്ണി മുകുന്ദന് വേണ്ടിയാണെന്ന് ആരോപണം. ധ്രുവന് പകരക്കാരനായി ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുകയാണ്. ഉണ്ണി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഉണ്ണി മുകുന്ദനുമായി താന്‍ ഒരു തരത്തിലുമുളള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും സംവിധായകന്‍ സജീവ് പിളള പറഞ്ഞു. ധ്രുവനും ഇതുതന്നെയാണ് അഭിപ്രായപ്പെടുന്നത്. ഉണ്ണി മുകുന്ദന്‍ മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ധ്രുവൻ പറഞ്ഞു.
പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിര്‍മാതാവ്. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനചിത്രങ്ങളായ ബാഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്റെയും വി എഫ് എക്സ് ചെയ്യുന്നത്. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ശിഷ്യനാണ് ചിത്രത്തിന്റെ സംവിധായകനായ സജീവ് പിള്ള.