മമ്മൂട്ടിയും അമല്‍ നീരദും ഒരു ഡ്രീം കോമ്പിനേഷനാണ്. ഇരുവരും ആദ്യമായി ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയത് 'ബിഗ് ബി'യെന്ന സ്റ്റൈലൻ ചിത്രമാണ്. ഈ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണെന്ന റിപ്പോർട്ട് കേരളക്കര ഒന്നാകെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.
അതും ബിലാലിന്റെ രണ്ടാം വരവിന് വഴിയൊരുക്കിയാണെന്ന് അറിഞ്ഞപ്പോൾ ആവേശം കടലുപോലായി. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പ്രേക്ഷകരുമായി പങ്കു വെയ്ക്കുകയാണ് അമൽ നീരദ്. തിരക്കഥയില്‍ നൂറുശതമാനം സംതൃപ്തി ലഭിച്ചാല്‍ മാത്രമേ താന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളുവെന്ന് ചിത്രഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ തിരക്കഥാ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അതില്‍ നൂറ് ശതമാനം സംതൃപ്തി ലഭിച്ചാല്‍ മാത്രമേ ബിലാലിന്റെ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളു. എന്തായാലും 2019ല്‍ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അമൽ നീരദ് പറയുന്നു.
ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും. ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.