അതെങ്ങനെ ശരിയാകും? ലാലിന്റെ അച്ഛനായി ഞാനോ? - സിബിയോട് അന്തംവിട്ട് മമ്മൂട്ടി ചോദിച്ചു
മോഹൻലാലിന്റെ അച്ഛനാകാൻ മമ്മൂട്ടിക്ക് സമ്മതമല്ലായിരുന്നു?
ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി ഇന്ന് കാണുന്ന മെഗാസ്റ്റാർ ആയതെന്ന് സിനിമയിലെ എല്ലാവർക്കും അറിയാവുന്നതാണ്. കഥാപാത്രത്തിനായി എന്തുവിട്ടി വീഴ്ചയും ചെയ്യുന്ന നടനാണ് മമ്മൂട്ടി. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാൽ മറ്റൊന്നും ചിന്തിക്കാത്ത നടൻ.
ഏകദേശം ഒരേസമയത്താണ് മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ എത്തുന്നത്. നയകന്മാരാകുന്നതും ഒരേസമയം. ജോജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന സിനിമയിൽ മോഹൻലാലിന്റെ അച്ഛനായി അഭിനയിച്ചത് മമ്മൂട്ടി ആയിരുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും.
1982 ലാണ് ജിജോ പൊന്നൂസ് പടയോട്ടം സംവിധാനം ചെയ്തത്. കമ്മരന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മകന്റെ വേഷത്തില്‍ മോഹന്‍ലാലുമെത്തി. കമ്മരൻ എന്ന കഥാപാത്രത്തിലേക്ക്, മോഹൻലാലിന്റെ അച്ഛൻ വേഷത്തിലേക്ക് മമ്മൂട്ടി എങ്ങനെയെത്തിയെന്ന് സംവിധായകൻ സിബി മലയിൽ പറയുന്നു. അന്ന് പടയോട്ടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സിബി.
ചിത്രത്തിൽ സോമനെയായിരുന്നു മോഹൻലാലിന്റെ അച്ഛനായി ആലോചിച്ചത്. പക്ഷേ ഷൂട്ടിംഗ് അടുത്തദിവസങ്ങളിൽ മറ്റ് ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറി. ആ വേഷത്തിൽ ആര് വേണമെന്ന ആലോചനയ്ക്കൊടുവിൽ ഞാനാണ് മുഹമ്മദ് കുട്ടിയെ ആലോചിച്ചാലോന്ന് ജിജോയോട് പറഞ്ഞതെന്ന് സിബി അടുത്തിടെ ഗൃഹലക്ഷമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘ചില പത്രമാസികകളിൽ നിന്നാണ് മുഹമ്മദ്കുട്ടിയെ കുറിച്ച് അറിയുന്നത്. അങ്ങനെയാണ് പടയോട്ടത്തിനായി അയാളെ വിളിച്ചത്. ഒടുവിൽ മമ്മൂട്ടി വന്നു. എന്നെ പരിചയപ്പെടുത്തി, കഥയെന്തെന്ന് ചോദിച്ചു. സംവിധായകൻ പറയുമെന്ന് പറഞ്ഞെങ്കിലും മമ്മൂട്ടിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. കഥ പറഞ്ഞില്ല, പകരം കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊടുത്തു’.
മോഹൻലാലിന്റെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടതെന്ന് പറഞ്ഞപ്പോൾ പുള്ളി ഞെട്ടിപ്പോയി. അതെങ്ങനെ ശരിയാകും? ലാലിന്റെ അച്ഛനായി ഞാനെങ്ങനെ അഭിനയിക്കും? എന്നാണ് മമ്മൂട്ടി ചോദിച്ചത്. ‘അത് കഥാപാത്രത്തെ രണ്ട് സ്റ്റേജാണ്. ഒന്ന് ചെറുപ്പം, മറ്റൊന്ന് പ്രായമായതും. ഒടുവിൽ ലൊക്കേഷനിൽ എത്തിയതും മമ്മൂട്ടി ജിജോയോട് പറഞ്ഞു ‘സ്ക്രിപ്റ്റൊന്ന് കേൾക്കണമല്ലോ’. സ്ക്രിപ്റ്റ് കേൾപ്പിച്ചപ്പോൾ സന്തോഷത്തോടെ ‘ഓകെ’ എന്ന് പറയുകയായിരുന്നു മമ്മൂട്ടി. - സിബി പറയുന്നു.
(ഉള്ളടക്കത്തിന് കടപ്പാട്: ഗൃഹലക്ഷമി)