Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഭയപ്പെടുത്തുന്ന വില്ലന്മാർ, അറപ്പുളവാക്കുന്ന സൈക്കോകൾ മലയാളത്തിലുമുണ്ട്’

ഭയപ്പെടുത്തിയ നാല് സൈക്കോ വില്ലന്മാർ!

‘ഭയപ്പെടുത്തുന്ന വില്ലന്മാർ, അറപ്പുളവാക്കുന്ന സൈക്കോകൾ മലയാളത്തിലുമുണ്ട്’
, ചൊവ്വ, 8 ജനുവരി 2019 (08:24 IST)
നായകനൊപ്പം തന്നെ പ്രാധാന്യമുള്ളയാളാണ് വില്ലൻ. പേടിപ്പിക്കുന്ന വില്ലന്മാരെ നാം ഒരുപാട് കണ്ടിട്ടുണ്ട്. ചിരിപ്പിക്കുന്നവരെയും കണ്ടിട്ടുണ്ട്. എന്നാൽ കാഴ്ച്ചയിൽ സാധാരണക്കാരനായ, എന്നാൽ മാനസിക നില തെറ്റിയ സൈക്കോ വില്ലന്മാർ ഈയിടെയായി സിനിമകളിൽ നിറഞ്ഞു കാണുന്നുണ്ട്. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് പേജിൽ ലെച്ച്മിയെന്ന ചിത്രത്തിന്റെ സംവിധായകനായ ബി എൻ ഷജീർ ഷാ എഴുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
 
കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:
 
ആല്‍ഫ്രഡ്‌ ഹിച്കോക്ക് എന്ന വിശ്വവിഖ്യാതനായ സംവിധായകന്‍ അണിയിച്ചൊരുക്കിയ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് സൈക്കോ. 1960 ല്‍ പുറത്തിറങ്ങിയ ആ ചിത്രം ലോക ക്ലാസിക്കുകളില്‍ ഒന്നാണ്. സൈക്കോ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സിനിമാ പ്രേമികളുടെ മനസ്സില്‍ ആദ്യം എത്തുന്നത് ആ സിനിമയുടെ പേരാകും. psychosis എന്ന മാനസിക രോഗത്തിന്റെ ചുരക്കപ്പേരാണ് സൈക്കോ എന്ന് വേണെങ്കില്‍ പറയാം. ലോക സിനിമയില്‍ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് സൈക്കോ കൂടിയായ വില്ലന്‍. 
 
സാഡിസവും വില്ലനിസവും കൂടികലര്‍ന്ന സൈക്കോ ആയ വില്ലന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഡാര്‍ക്ക്‌ നൈറ്റ് സീരീസിലെ ജോക്കര്‍ അതിനു ഒരു ഉദാഹരണമാണ്. എതിരാളിയെ മാനസികവും ശാരീരികവുമായി വേദനിപ്പിച്ചു ആ വേദനയില്‍ ആനന്ദം കണ്ടെത്തുന്ന വില്ലന്മാരെ കാണുമ്പോള്‍ ഏവര്‍ക്കും വെറുപ്പ് തന്നെയാണ്. സിനിമയില്‍ മാത്രമല്ല ഇത്തരത്തില്‍ ധാരാളം കൊലപാതകങ്ങള്‍ നടത്തിയവര്‍ ലോകത്ത് പല ഇടങ്ങളിലും ഉണ്ട്. ഒരു കണക്കിന് പറഞ്ഞാല്‍ നമ്മളില്‍ എല്ലാവരുടെയും ഉള്ളില്‍ ഒരു സാഡിസ്റ്റ് സൈക്കോ ഒളിച്ചിരിക്കുന്നു. ചില വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് പുറത്തെടുക്കുവാന്‍ കഴിയുന്നു എന്ന് മാത്രം. 
 
നമ്മുടെ നാട്ടില്‍ പോലീസുകാരില്‍ ഭൂരിപക്ഷവും ഇത്തരത്തില്‍ സാഡിസ്റ്റ് മനസ്ഥിതി ഉള്ളവരാണ് എന്ന് വേണമെങ്കില്‍ പറയാം. കുറ്റവാളികളെ ക്രൂരമായി മര്‍ദിക്കുന്ന പലരും അതില്‍ ആനന്ദം കണ്ടെത്തുന്നു. അതുപോലെ അദ്ധ്യാപകരിലും ഇത്തരക്കാരെ കാണുവാന്‍ സാധിക്കും. കുട്ടിക്കാലത്ത് ചെറിയ തെറ്റുകള്‍ക്ക് പോലും രക്തം ചീന്തുന്ന തരത്തില്‍ അടി വാങ്ങിയവര്‍ ധാരാളമാണ്. ഇവരില്‍ പലരും സമൂഹത്തോടുള്ള അല്ലെങ്കില്‍ ഒരു വ്യക്തിയോടുള്ള വൈരാഗ്യമാണ് അതിനു തക്ക ഇരകളെ കിട്ടുമ്പോള്‍ തീര്‍ക്കുന്നത്. അതും ആ ഇര തിരിച്ച് ഒന്നും പ്രതികരിക്കില്ല എന്ന് നൂറു ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രവും. 
 
സ്വന്തം കുഞ്ഞുങ്ങളെ മാരകമായി ഉപദ്രവിക്കുന്ന ചില സ്ത്രീകള്‍ ഉണ്ട്. അവര്‍ അവരുടെ ഭര്‍ത്താവ് അല്ലെങ്കില്‍ അയാളുടെ വീട്ടുകാര്‍, അവരോടുള്ള ദേഷ്യമാണ് കുട്ടിയുടെ മേല്‍ തീര്‍ക്കുന്നത്. അതുപോലെ മദ്യപിച്ചു വന്ന് ഭാര്യയെ അല്ലെങ്കില്‍ വീട്ടുകാരെ ഉപദ്രവിക്കുന്നവരും ഉണ്ട്. അവിടെ മദ്യം അയാളിലെ സൈക്കൊയെ ഉണര്‍ത്തുകയാണ് ചെയ്യുന്നത്. Frustration ഇതിനു എല്ലാം ഒരു കാരണമാണ്.
 
ഇനി സിനിമയിലേക്ക് വരാം. ലോക സിനിമകള്‍ പോലെ ഇന്ത്യന്‍ സിനിമകളിലും സൈക്കോ വില്ലന്മാര്‍ ധാരാളം വന്നു പോകുന്നുണ്ട്. മലയാളത്തില്‍ മെമ്മറീസ്, ഗ്രേറ്റ് ഫാദര്‍ എന്റെ തന്നെ ചിത്രമായ ലെച്ച്മി ഇതില്‍ എല്ലാം വില്ലന്മാര്‍ സാഡിസ്റ്റ് സൈക്കോ ആയിരുന്നു. അതുപോലെ കുറച്ചുകാലം മുന്‍പ് തമിഴില്‍ റിലീസ് ആയ രാക്ഷസന്‍ എന്ന സിനിമയിലും പെണ്‍കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തുന്ന സൈക്കോ ആയിരുന്നു വില്ലന്‍ കഥാപാത്രം.
 
വളരെ മികച്ച ഒരു സിനിമാ അനുഭവം തന്നെയാണ് രാക്ഷസന്‍. എന്നിരുന്നാലും ഞാന്‍ നേരത്തെ പറഞ്ഞ മെമ്മറീസ്, ഗ്രേറ്റ് ഫാദര്‍, ലെച്ച്മി എന്നി സിനിമകളില്‍ നിന്നും വിധൂരമാല്ലാത്ത സാമ്യം രക്ഷസനിലുണ്ട്. അതിന്റെ സംവിധായകന്‍ ഈ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകുമോ എന്നറിയില്ല എന്നിരുന്നാലും എനിക്ക് തോന്നിയ സാമ്യങ്ങള്‍ എന്തെന്നാല്‍. ഗ്രേറ്റ് ഫാദറിലെപോലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് സൈക്കോ കില്ലറിന്റെ ടാര്‍ഗറ്റ്. കുട്ടികളെ രഹസ്യ സങ്കേതത്തിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പരസ്യമായി ഉപേക്ഷിക്കുന്നു. (എന്നാല്‍ ഗ്രേറ്റ് ഫാദറില്‍ നായകന്‍റെ മകളെ തട്ടിക്കൊണ്ട് പോകുന്നില്ല. കൊലപ്പെടുത്തുന്നുമില്ല).
 
മെമ്മറീസിലെ പോലെ കൊലപാതകം നടത്തിയ ശേഷം മൃതദേഹത്തില്‍ കില്ലര്‍ ചില അടയാളങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ തന്നെ മെമ്മറീസ്, ഗ്രേറ്റ് ഫാദർ ഇവ രണ്ടിലും ഒരു സാമ്യംഉണ്ട്. കില്ലര്‍ കേസ് അന്വേഷിക്കുന്നവരെ ഫോണിലൂടെയും മറ്റും വെല്ലുവിളിക്കുന്നുണ്ട് ഇവയില്‍. ഇനി ഞാന്‍ തന്നെ എഴുതി സംവിധാനം ചെയ്തത് കൊണ്ടാകുമോ എന്നറിയില്ല. ധാരാളം സാമ്യങ്ങള്‍ കണ്ണില്‍ കണ്ടത്. അഹങ്കാരമാണ് തള്ളുകയാണ് എന്ന്‍ തോന്നരുത്.
 
കാരണം ലെച്മിയിലെ സൈക്കോ വില്ലനും രാക്ഷസനിലെ സൈക്കോ വില്ലനും, ഇരുവരും സൈക്കോ ആകുവാന്‍ കാരണം അവരുടെ പ്രണയമാണ് (മെമ്മറീസിലും). എന്നാല്‍ ഇവയില്‍ രണ്ടിലും കുട്ടിക്കാലവും കൌമാരവുമാണ് പ്രണയകാലം. രാക്ഷസനില്‍ അവന്‍റെ വിരൂപമായ രൂപവും അസുഖവുമാണ് കാരണം എങ്കില്‍ ലെച്ച്മിയില്‍ കീഴ് ജാതി വ്യവസ്ഥയാണ്‌ കാരണം. രണ്ടിലും വില്ലന് അങ്ങോട്ട്‌ മാത്രമാണ് പ്രണയം. പെണ്‍കുട്ടി പ്രണയം നിരസിക്കുകയും അവള്‍ കാരണം സമൂഹത്തിനു മുന്നില്‍ ഇരുവരും നാണം കെടുന്നുമുണ്ട്. ഇരുവരും ആദ്യം കൊലപ്പെടുത്തുന്നത് തങ്ങളുടെ പ്രണയിനിയെ തന്നെയാണ്. ഇരു ചിത്രങ്ങളിലും സൈക്കോ കൊലപാതകം നടത്തുവാന്‍ ഉപയോഗിക്കുന്നത് ചുറ്റികയാണ്. ലെച്ച്മിയിലെ സൈക്കോ necrophilia എന്ന രോഗാവസ്ഥയില്‍ ഉള്ള വ്യക്തി കൂടിയാണ്. മൃതദേഹങ്ങളുമായി വേഴ്ച നടത്തുന്ന ഒരു മാനസികാവസ്ഥ യാണ് necrophilia.
 
ഇങ്ങനെ ധാരാളം സാമ്യങ്ങള്‍ ഇരു വില്ലന്മാരും തമ്മില്‍ ഉണ്ട്. അവ ഒഴിവാക്കിയാല്‍ ലെച്ച്മിയേക്കാള്‍ നൂറു മടങ്ങ്‌ മികച്ച ചിത്രമാണ് രാക്ഷസന്‍. ഇതിലെല്ലാം ഉപരി നമ്മള്‍ സിനിമയില്‍ കാണുന്ന സൈക്കൊകള്‍ ഒന്നുകില്‍ വികലാംഗര്‍, വിരൂപര്‍ അല്ലെങ്കില്‍ കറുത്ത നിറമുള്ളവര്‍ (ഗ്രേറ്റ് ഫാദര്‍ ഒരു അപവാദം) എന്നിങ്ങനെയാണ്. വെളുത്ത് സുന്ദരനായ ഒരു സൈക്കോ കില്ലര്‍ നമുക്കിടയിൽ വളരെ കുറവാണ്. കാരണം എന്താണന്ന് വെച്ചാല്‍ കറുത്തവരോട് അല്ലെങ്കില്‍ വിരൂപരോട് സമൂഹം വെച്ച് പുലര്‍ത്തുന്ന അകല്‍ച്ച തന്നെയാണ്. ഈ സിനിമകളില്‍ എല്ലാം തന്നെ വില്ലന്‍ ഒരു കാലത്ത് വളരെ നല്ല മനസുള്ള ശുദ്ധനായ ഒരു വ്യക്തി ആയിരുന്നു. അവരോടുള്ള സമൂഹത്തിന്റെ പെരുമാറ്റമാണ് അവരെ സൈക്കോ ആക്കി മാറ്റുന്നത്. രാക്ഷസനിലെ കണക്ക് സാര്‍ പോലും ഈ പെരുമാറ്റത്തിനു ഇരയായത് കൊണ്ടാണ് അതിന്റെ ദേഷ്യം കുട്ടികളോട് കാണിക്കുന്നത്.
 
മെമറീസില്‍ ഇരുണ്ട നിറമുള്ള വികലാംഗന്‍ ആയ അയാളെ തന്‍റെ കാര്യസാധനത്തിനു വേണ്ടി പെണ്‍കുട്ടികള്‍ ഉപയോഗിക്കുകയാണ്. ഒരിക്കലും ലഭിക്കില്ല എന്ന് കരുതിയിരുന്ന ഒരാളില്‍ നിന്നും സ്നേഹം ലഭിക്കുമ്പോള്‍ അയാള്‍ അയാളെ മറക്കുന്നു. അവസാനം പെണ്‍കുട്ടി ചതിച്ചതാണ് എന്ന് മനസിലാകുന്ന സമയമാണ് അയാളിലെ സൈക്കോ ഉണരുന്നതും ക്രൂരമായ കൊലപാതകിയായി മാറുന്നതും. ലെച്ച്മി, രാക്ഷസന്‍ എന്നിവയില്‍ കുട്ടിക്കാലത്തെ നിഷ്ക്കളങ്കമായ പ്രണയം കാരണം ജീവിതം തന്നെ മാറി മറിയുന്നതാണ് അവരെ കൊലപാതകികള്‍ ആക്കി മാറ്റുന്നത്. ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ ഒരു വ്യക്തി ചെയ്ത തെറ്റിന് ബാക്കി ഉള്ളവര്‍ ശിക്ഷ അനുഭവിക്കുന്നു. കമല്‍ ഹാസന്‍ നായകനായ സിവപ്പ് റോജാക്കള്‍ അത്തരത്തില്‍ ഒന്നാണ്.
 
വലിച്ചു നീട്ടുന്നില്ല. എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങള്‍ പങ്കുവെച്ചു എന്ന് മാത്രം. ഇത് വായിക്കുന്ന പലര്‍ക്കും പല സംശയങ്ങളും തോന്നാം തോന്നാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ എന്നെ പോലെ ഒരു സൈക്കോ ആയിരിക്കും. കാരണം ഞാന്‍ നേരത്തെ പറഞ്ഞില്ലേ “നമ്മളില്‍ എല്ലാവരുടെയും ഉള്ളില്‍ ഒരു സാഡിസ്റ്റ് സൈക്കോ ഒളിച്ചിരിക്കുന്നു” സമയം ആകുമ്പോള്‍ അവന്‍ പുറത്തു വരും. അത് ഏത് ലെവലില്‍ ആണ് എന്ന് മാത്രം കണ്ടറിഞ്ഞാല്‍ മതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രിയുടെ രൂപവും ഭാവവും സ്വീകരിച്ച് വിവേക് ഒബ്രോയി, മോദിയുടെ ജീവചരിത്രം പറയുന്ന ‘പിഎം നരേന്ദ്ര മോദി‘യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു