മലയാള സിനിമയില്‍ കഥാപാത്രങ്ങളുടെ വിവിധ വികാരഭാവങ്ങളിലൂടെ ഏറ്റവും കൂടുതല്‍ കടന്നുപോകാന്‍ കഴിവുള്ള നടനാണ് മമ്മൂട്ടി. വൈകാരികമായ തലത്തിൽ ഒരു സീനിനെ എത്തിക്കാൻ അദ്ദേഹത്തേക്കാൾ നന്നായി മറ്റൊരാളില്ലെന്ന് തന്നെ പറയാം.
ദേഷ്യവും സങ്കടവും സന്തോഷവും ആനന്ദവും നിസഹായതയുമെല്ലാം മമ്മൂട്ടി അവതരിപ്പിക്കുന്നത് അതിന്‍റെ പെർഫെക്ട് ഫോമില്‍ ആയിരിക്കും. പ്രേക്ഷകർക്ക് അവരുടെ കണ്ണും മനസും നിറയുന്നതും ഇതുകൊണ്ട് തന്നെ.
നിസഹായനായ മമ്മൂട്ടിയുടെ മുഖത്തേക്കുറിച്ച് പറയുമ്പോള്‍ കെ.പി.എ.സി ലളിത പണ്ട് അതേപ്പറ്റി വളരെ കൃത്യമായ ഒരു കാര്യം പറഞ്ഞിരുന്നു.
അമരം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം. ആ സിനിമയില്‍ ലളിതയുടെ മകനായ അശോകനെ കടലില്‍ വച്ച് മമ്മൂട്ടി കൊലപ്പെടുത്തെയെന്ന ആരോപണം ഉയരുന്ന രംഗമുണ്ട്. ‘എന്‍റെ മകനെ നീ കൊന്നുകളഞ്ഞില്ലേ?’ എന്നാരോപിച്ച് മമ്മൂട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ലളിത കരയുന്ന സീനാണ് ചിത്രീകരിക്കുന്നത്.
‘താന്‍ അത് ചെയ്തിട്ടില്ല’ എന്ന നിസഹായമായ ഭാവത്തോടെ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ആ സീനിൽ നമ്മൾ കണ്ടത്. ഷൂട്ടിംഗ് നടക്കുമ്പോൾ ആ നിസഹായത ശരിക്കും മുഖത്തുണ്ടായിരുന്നുവെന്ന് നടി പറയുന്നു. മമ്മൂട്ടിയുടെ മുഖം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് കെ പി എ സി ലളിത വ്യക്തമാക്കുന്നത്. അത് കണ്ട് താന്‍ പറയേണ്ട ഡയലോഗ് പോലും മറന്നുപോയെന്നും കെ.പി.എ.സി ലളിത പറയുന്നു.