ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ഹിന്ദിച്ചിത്രം ‘മഹാവീര്‍ കര്‍ണ’യ്ക്കായി ചിയാന്‍ വിക്രം റെഡിയായി. 120 ദിവസത്തെ ഡേറ്റാണ് വിക്രം ഇപ്പോള്‍ ഈ പ്രൊജക്ടിനായി നല്‍കിയിരിക്കുന്നത്. 90 ദിവസത്തെ പരിശീലനത്തിനും വിക്രം സമയം കണ്ടെത്തിയിട്ടുണ്ട്.
വന്‍ യുദ്ധരംഗങ്ങളാണ് 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയ്ക്കായി ചിത്രീകരിക്കുന്നത്. സര്‍വ ആയോധനകലകളിലും നിപുണനായ കര്‍ണനെ അവതരിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനത്തിലാണ് വിക്രം ഇപ്പോള്‍. കര്‍ണനെ അവതരിപ്പിക്കുന്നതിന് ആവശ്യമായ ശാരീരിക സൌന്ദര്യത്തിനും ആയോധന കലകള്‍ പരിശീലിക്കുന്നതിനുമായി മൂന്നുമാസമാണ് വിക്രം നീക്കിവച്ചിരിക്കുന്നത്.
യുണൈറ്റഡ് ഫിലിം കിംഗ്‌ഡം നിര്‍മ്മിക്കുന്ന മഹാവീര്‍ കര്‍ണന്‍റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ ഇന്ത്യന്‍ ലൊക്കേഷനുകളിലും കാനഡയിലും ചിത്രീകരണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2019 ഡിസംബറില്‍ ക്രിസ്മസ് റിലീസായി മഹാവീര്‍ കര്‍ണ പ്രദര്‍ശനത്തിനെത്തും. ഹിന്ദിയില്‍ ചിത്രീകരിക്കുന്ന സിനിമ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റിയെത്തും.