Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലളിതം, സുന്ദരം, മനോഹരം; കവി ഉദ്ദേശിച്ചത് കൊള്ളാം

എന്തായാലും കവി ഉദ്ദേശിച്ചത് കൊള്ളാം

ആസിഫ് അലി

അപര്‍ണ ഷാ

, ശനി, 8 ഒക്‌ടോബര്‍ 2016 (16:43 IST)
സുന്ദരമായ അള്ളിമൂല എന്ന ഗ്രാമം. ചെറുപ്രായത്തിൽ തന്നെ കടുത്തശത്രുക്കളായി മാറിയ കാവാലം ജിമ്മിയുടെയും വട്ടത്തിൽ ബോസ്കോയുടെയും കഥ പറയുന്ന ചിത്രം. അതാണ് കവി ഉദ്ദേശിച്ചത്. വോളിബോൾ തലക്ക് പിടിച്ച് നടക്കുന്നവരാണ് അള്ളിമൂലയിലുള്ളവർ. വെറുതെ അല്ല, എല്ലാത്തിനും ഓരോ ബെറ്റും ഉണ്ടാകും. ബെറ്റ് വെച്ച് മുടിയുന്നവരാണ് ഗ്രാമത്തിലുള്ളവർ. ബന്ധശത്രുക്കൾ ഒരിക്കൽ കളിക്കിടെ ഒരു ബെറ്റ് വെക്കുന്നു. ആ ബെറ്റിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ബന്ധശത്രുക്കളുടെ ഇടയിലേക്ക് മിന്നൽ സൈമൺ മിന്നൽ പോലെ വരുമ്പോൾ കളിയുടെ ആദ്യ പകുതി കഴിഞ്ഞു. എന്തായിരിക്കും മിന്നൽ സൈമണിന്റെ ഉദ്ദേശ്യം, എന്നൊരു ചോദ്യം സ്വാഭാവികമായും പ്രേക്ഷകരിൽ ഉണ്ടാകും.
 
ലളിതമായ തമാശയിലൂടെ ചെറിയ പ്രണയത്തിലൂടെ വോളിബോൾ എന്ന ആവേശത്തിലൂടെ സുന്ദരമായി പറഞ്ഞ ചെറിയ ചിത്രമാണ് ആസിഫ് അലിയുടെ കവി ഉദ്ദേശിച്ചത്. ആസിഫ് അലി തകർത്തു. നായകന്റെ കൂട്ടുകാരായി പിന്നിൽ നിന്നവരെല്ലാം കയ്യടിക്ക് അർഹരാണ്. വിനോദയാത്രയിലെ പാലും പഴവും കയ്യിലേന്തിയ ഗണപതി ഇതിൽ മികച്ച ഒരു കഥാപാത്രമായിട്ടാണ് എത്തുന്നത്. വ്യത്യസ്തമായ ഒരു വേഷമാണ് ലെന ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും സുന്ദരിയായ നായിക. അതാണ് അഞ്ജു കുര്യൻ.
 
webdunia
കാവാലം ജിമ്മിയായി ആസിഫ് അലിയെത്തുമ്പോൾ ശത്രുവാകുന്നത് വട്ടത്തിൽ ബോസ്കോയെ അവതരിപ്പിച്ച നരേൻ ആണ്. നരേന്റെ സഹോദരിയായിട്ടാണ് അഞ്ജു എത്തുന്നത്. ജിമ്മി സ്നേഹിക്കുന്ന പെണ്ണാണ് ബോസ്കോയുടെ പെങ്ങൾ. ജിമ്മി വോളിബോൾ കളിയിൽ ജയിക്കുമോ? സ്നേഹിക്കുന്ന പെണ്ണിനെ കെട്ടുമോ? തുടങ്ങിയ കുറച്ച് ചോദ്യങ്ങൾക്കുത്തരമാണ് ക്ലൈമാക്സ്. അവസാനം വന്ന് കൈയ്യടി മേടിക്കുക എന്ന കാര്യത്തിൽ ബിജു മേനോന് ഒരു പ്രത്യേക കഴിവ് തന്നെയാണ്. 
 
ദൃശ്യ മികവ് ശരാശരിയാണെങ്കിലും കണ്ണിന് കുളിർമയേകുന്നു. തരക്കേടില്ലാത്ത തിരക്കഥ. തിരക്കഥയിലെ ചില പോരായ്മകൾ  സംവിധാനവും മികച്ചതാക്കി. ചില സീനുകൾ വലിച്ച് നീട്ടലായി തോന്നിയെങ്കിലും തമാശകൾ നിറയുമ്പോൾ അതൊരു പോരായ്മ ആയി തോന്നുകയില്ല. തെററില്ലാത്ത അവതരണവും ലളിതമായ തമാശകളും നല്ല ചില ഗാനങ്ങളും ഗ്രാമ ഭംഗിയും ഒക്കെയായി ആകെ മൊത്തം കളർഫുൾ ആണ് ഈ ചിത്രം. 
 
webdunia
ചുരുക്കിപ്പറഞ്ഞാൽ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു കൊച്ചു സിനിമ. 
നല്ല അഭിപ്രായങ്ങളിലൂടെ പിടിച്ചു കേറും എന്ന് തന്നെ വിശ്വസിക്കാം. ഒരുപാട് പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ഒരു നല്ല സിനിമ കാണാം എന്ന ആഗ്രത്തോടെ കുടുംബസമേതം ടിക്കറ്റെടുക്കാം. പൈസ പോകില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ടതും കേട്ടതുമല്ല ലൂസിഫർ; പൃഥ്വിരാജ് വെളിപ്പെടുത്തുന്നു