Attention Please Cinema Review: ഈ സിനിമ നിങ്ങളെ അസ്വസ്ഥമാക്കും, പിന്തുടരും; അറ്റെന്‍ഷന്‍ പ്ലീസ് അതിഗംഭീരം !
വിഷ്ണു ഗോവിന്ദന്‍ അവതരിപ്പിച്ച ഹരി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്
Attention Please Cinema Review: വെറും ആറ് കഥാപാത്രങ്ങള്‍, ഒരു വീട്...ഇത്രയും മാത്രമാണ് അറ്റെന്‍ഷന്‍ പ്ലീസ് എന്ന സിനിമയിലുള്ളത്. എന്നിട്ടും പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന, പിന്തുടരുന്ന ഒരു ഗംഭീര സിനിമയൊരുക്കിയിരിക്കുകയാണ് ജിതിന്‍ ഐസക്ക് തോമസ് എന്ന യുവ സംവിധായകന്‍. മലയാള സിനിമ മാറ്റത്തിന്റെ വഴിത്താരയിലാണെന്ന് വ്യക്തമാക്കുന്ന വളരെ വ്യത്യസ്തമായ പ്ലോട്ട്. മുന്‍പൊന്നും അധികം കണ്ടുപരിചിതമല്ലാത്ത കഥ പറച്ചില്‍. അതിലേക്ക് അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ! ഇത്രയുമാണ് അറ്റെന്‍ഷന്‍ പ്ലീസ് എന്ന സിനിമ
രണ്ട് മണിക്കൂറിനകത്ത് ദൈര്‍ഘ്യം മാത്രമുള്ള ചിത്രം ഒരു സെക്കന്‍ഡ് പോലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ കാണാന്‍ തോന്നുന്ന തരത്തിലാണ് ജിതിന്‍ ഐസക്ക് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഹോണ്ട് ചെയ്യുന്ന ഒരു സിനിമാ അനുഭവം. വിഷ്വലി റിച്ചായ ഫ്രെയിം ഒന്നുമില്ലാതെ, കഥ പറച്ചില്‍ കൊണ്ട് മാത്രം പ്രേക്ഷകരെ പിടിച്ചിരുത്തുക എന്ന ദുഷ്‌കരമായ ദൗത്യം അതിഗംഭീരമായി നടപ്പിലാക്കിയിരിക്കുകയാണ് സംവിധായകന്‍.
വിഷ്ണു ഗോവിന്ദന്‍ അവതരിപ്പിച്ച ഹരി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമ സ്വപ്‌നങ്ങളുമായി ജീവിക്കുന്ന ഹരി സുഹൃത്തുക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്ന കഥകളാണ് അറ്റെന്‍ഷന്‍ പ്ലീസ് എന്ന ചിത്രം. ആ കഥകളില്‍ വളരെ ഗൗരവമുള്ള പല വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ജാതീയമായി, വര്‍ഗപരമായി, നിറത്തിന്റെ പേരില്‍ തുടങ്ങി താന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകള്‍ ഹരി ഓരോ കഥയിലൂടേയും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുന്നു. സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകള്‍ തന്നിലുണ്ടാക്കുന്ന ഇന്‍സെക്യൂരിറ്റികളെ ഹരി പറഞ്ഞുവയ്ക്കുന്നുണ്ട്. അതിന്റെയെല്ലാം എക്‌സ്ട്രീമിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്ന വല്ലാത്ത കിക്ക് പോലൊരു സിനിമാ അനുഭവം ഉണ്ട്. അതാണ് അറ്റെന്‍ഷന്‍ പ്ലീസ് എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണം.
പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആറ് പേരും ഞെട്ടിച്ചു. വിഷ്ണു ഗോവിന്ദന്‍ എത്രത്തോളും കാലിബറുള്ള അഭിനേതാവാണെന്ന് വ്യക്തമാക്കുന്നതാണ് ഓരോ സീനും. കഥ പറച്ചിലുകളും ഏച്ചുകെട്ടലുകള്‍ ഇല്ലാതെ പ്രേക്ഷകന് മനസ്സില്‍ തട്ടും വിധം അവതരിപ്പിക്കണമെങ്കില്‍ പ്രത്യേക കഴിവ് വേണം. സൗണ്ട് മോഡുലേഷനില്‍ അടക്കം സൂക്ഷ്മത പുലര്‍ത്തിയാലേ അതിനു സാധിക്കൂ. അവിടെയെല്ലാം വളരെ കയ്യടക്കമുള്ള, പരിചയസമ്പത്തുള്ള ഒരു നടനെ പോലെ വിഷുണു ഗോവിന്ദന്‍ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട് ഹരി എന്ന കഥാപാത്രം. ആതിര കല്ലിങ്കല്‍, ശ്രീജിത്ത്, ആനന്ദ് മന്മദന്‍, ജോബിന്‍ പോള്‍, ജിക്കി പോള്‍ എന്നിവരുടെ പ്രകടനങ്ങളും ഗംഭീരം.
അഭിനേതാക്കളുടെ പെര്‍ഫോമന്‍സിനൊപ്പം എടുത്തുപറയേണ്ടത് സിനിമയുടെ പശ്ചാത്തല സംഗീതമാണ്. അരുണ്‍ വിജയ് നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതം സിനിമയുടെ ജീവനാണ്.