Select Your Language

Notifications

webdunia
webdunia
webdunia
webdunia

Neru Film Review: തോല്‍വിയുറപ്പിച്ച് തുടങ്ങുന്ന നായകന്‍, ഒടുവില്‍ 'നേരി'ന്റെ വിജയം; ആക്ടര്‍ മോഹന്‍ലാല്‍ ഈസ് ബാക്ക് !

സിനിമയില്‍ ഒരിടത്തും താരപരിവേഷത്തിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന ലാലിനെ കാണാന്‍ സാധിക്കുന്നില്ല

Neru Film Review: തോല്‍വിയുറപ്പിച്ച് തുടങ്ങുന്ന നായകന്‍, ഒടുവില്‍ 'നേരി'ന്റെ വിജയം; ആക്ടര്‍ മോഹന്‍ലാല്‍ ഈസ് ബാക്ക് !
, വ്യാഴം, 21 ഡിസം‌ബര്‍ 2023 (15:05 IST)
Nelvin Gok / [email protected]

Neru Film Review: ഈ മോഹന്‍ലാലിനു വേണ്ടിയാണ് മലയാളികള്‍ കാത്തിരുന്നത്. അതിമാനുഷിക കഴിവുകളൊന്നും ഇല്ലാതെ ജീവിതത്തിലെ ജയപരാജയങ്ങളുടെ കയറ്റിറക്കങ്ങളെ സൂക്ഷ്മാഭിനയത്തിലൂടെ പ്രതിഫലിപ്പിക്കുന്ന ആക്ടര്‍ മോഹന്‍ലാല്‍...!അങ്ങനെയൊരു മോഹന്‍ലാലിനെ തിരിച്ചുതന്ന ജീത്തു ജോസഫിന് ആദ്യമേ നന്ദി...! പരാജിതനെന്നാണ് കഥയിലെ നായകന്‍ അഡ്വ.വിജയമോഹന്‍ സ്വയം വിശേഷിപ്പിക്കുന്നത്, പരാജയങ്ങളിലൂടെയാണ് വിജയമോഹന്‍ നേരിനുള്ള അന്വേഷണം ആരംഭിക്കുന്നതും. എങ്കിലും അവസാനമെത്തുമ്പോള്‍ എല്ലാ നുണകള്‍ക്കും മേല്‍ 'നേര്' വിജയം കണ്ടെത്തുന്നുണ്ട്, നായകന്‍ വിജയമോഹനും...! 
 
കേരളത്തെ പിടിച്ചുകുലുക്കിയ കുറ്റകൃത്യത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പതിവില്‍ നിന്നു വിപരീതമായി പ്രതി ആരെന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിച്ചുതരുന്നു സംവിധായകന്‍ ജീത്തു ജോസഫ്‌. പീഡനത്തെ അതിജീവിച്ചവള്‍ തോറ്റു പോകുകയും പ്രതി ജയിച്ചു നില്‍ക്കുകയും ചെയ്യുന്നിടത്തേക്കാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി മോഹന്‍ലാലിന്റെ അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രം എത്തുന്നത്. നാടെങ്ങും ചര്‍ച്ചയായ കേസ് കോടതിയിലെത്തുകയും തുടര്‍ന്നുണ്ടാകുന്ന വാദപ്രതിവാദങ്ങളുമാണ് നേരിന്റെ പ്രധാന പ്ലോട്ട്. 
 
നേരിന്റെ ആദ്യ റിവ്യു റിലീസിനു മുന്‍പ് ജീത്തു ജോസഫ് തന്നെ പറഞ്ഞു കഴിഞ്ഞു. 'നേര്' മറ്റൊരു ദൃശ്യമോ, ത്രില്ലറോ അല്ല. ജീത്തു പറഞ്ഞതുപോലെ ഇതൊരു കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയാണ്. കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കും പീഡനത്തെ അതിജീവിച്ചവരുടെ മാനസിക വ്യാപാരങ്ങള്‍ക്കുമാണ് സിനിമയില്‍ സ്ഥാനമുള്ളത്. അനാവശ്യ ട്വിസ്റ്റുകളോ സസ്‌പെന്‍സുകളോ സിനിമയില്‍ ഇല്ല. വളരെ ഗൗരവമുള്ള ഒരു വിഷയത്തെ എല്ലാവിധ പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാവുന്ന വിധം ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. ജീത്തുവിനൊപ്പം അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമയ്ക്കുള്ള തിരക്കഥയില്‍ ഒരു അഭിഭാഷകയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്തിട്ടുണ്ട്. 

webdunia

 
 


കോര്‍ട്ട് റൂം ഡ്രാമയെന്ന നിലയില്‍ ആദ്യ പകുതി മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍ സമ്മാനിക്കുന്നു. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ചിലയിടങ്ങളില്‍ സിനിമ ഓവര്‍ ഡ്രമാറ്റിക്ക് ആകുകയും ആദ്യ പകുതിയില്‍ ഉണ്ടായിരുന്ന ചടുലത നഷ്ടമാകുകയും ചെയ്യുന്നുണ്ട്. അപ്പോഴും മോഹന്‍ലാലിന്റെ പ്രകടനവും ക്ലൈമാക്‌സും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. സാങ്കേതികതയിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ ഉപയോഗിക്കുന്നതിലും സംവിധായകന്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നു എന്നതൊഴിച്ചാല്‍ നേര് മികച്ചൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍ തന്നെയാണ്. 
 
മോഹന്‍ലാലിലെ അഭിനേതാവിനെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളികള്‍ക്ക് തിരിച്ചുകിട്ടുന്നത്. സിനിമയില്‍ ഒരിടത്തും താരപരിവേഷത്തിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന ലാലിനെ കാണാന്‍ സാധിക്കുന്നില്ല. അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ മോഹന്‍ലാലിനു സാധിച്ചു. തോറ്റു പോകുന്നവന്റെ നിസഹായതയും നേര് കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉത്സാഹവും ലാലില്‍ ഭദ്രം..! 
 
അനശ്വര രാജന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് നേരിലെ സാറ. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ സിനിമയുമായി ഇമോഷണലി കണക്ട് ചെയ്യുന്നതില്‍ അനശ്വരയുടെ പ്രകടനം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റൊരു അഭിനേത്രിയേയും ഈ കഥാപാത്രത്തിലേക്ക് മനസില്‍ സങ്കല്‍പ്പിക്കാന്‍ പോലും പ്രേക്ഷകര്‍ക്ക് സാധിക്കാത്ത വിധമാണ് അനശ്വര സാറയെ ഉള്‍ക്കൊണ്ടിരിക്കുന്നത്. സിദ്ധിഖ്, പ്രിയാ മണി, ഗണേഷ് കുമാര്‍, ജഗദീഷ്, ശാന്തി മായാദേവി, ശ്രീധന്യ തുടങ്ങി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം മികച്ചുനിന്നു. 
 
പശ്ചാത്ത സംഗീതം നിര്‍വഹിച്ച വിഷ്ണു ശ്യാം, ഛായാഗ്രഹകന്‍ സതീഷ് കുറുപ്പ്, ശബ്ദമിശ്രണം നിര്‍വഹിച്ച സിനോയ് ജോസഫ്, എഡിറ്റര്‍ വി.എസ്.വിനായകന്‍ എന്നിവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളേജ് പയ്യനായി സുധ കൊങ്ങര ചിത്രത്തില്‍ സൂര്യ, പുതിയ രൂപത്തില്‍ നടനെ കാണാനായി ആരാധകര്‍