ഇത് വെറും കുഞ്ഞച്ചനല്ല, ജോപ്പനെ തോൽപ്പിക്കാൻ ആരുണ്ടിവിടെ?
തോപ്പിൽ ജോപ്പൻ: സിരിച്ച്, സിരിച്ച് കാണാൻ ഒരു സിനിമ
തോപ്രാംകുടിക്കാരൻ തോപ്പിൽ ജോപ്പന് ഒരു കഥ പറയാനുണ്ട്. ഒരു ഒളിച്ചോട്ടത്തിന്റെ കഥ. ഒരു പ്രണയവും അതിന്റെ പിന്നാലെ പുലിവാലു പോലെ മറ്റു കുറച്ച് പ്രശ്നങ്ങളും, ഒടുവിൽ നാടുവിടൽ. ജോണി ആന്റണി ജോപ്പന്റെ കഥ പറഞ്ഞ് തുടങ്ങുന്നത് അയാളുടെ ഫ്ലാഷ് ബാക്കിലൂടെയാണ്. നര്‍മത്തിൽ പൊതിഞ്ഞ തിരിഞ്ഞുനോട്ടം. കഥ തുടങ്ങുന്നത് ഒളിച്ചോടിയ ജോപ്പൻ തിരികെ തോപ്രാംകുടിയിൽ എത്തുമ്പോഴാണ്. എന്തിനായിരിക്കും ജോപ്പൻ തിരികെ വന്നത്. നാട്ടുകാർക്ക് അറിയേണ്ടതും അതുതന്നെ.
തോപ്രാംകുടിയിലെ കബഡി ടീമിന്റെ ക്യാപ്റ്റനായാണ് മമ്മൂട്ടിയെത്തുന്നത്. കബഡി കളിയിലെ ആവേശം തന്നെയാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. കാമുകി പറ്റിച്ച് പോയപ്പോൾ കുടി തുടങ്ങിയതാണ് ജോപ്പൻ. അതൊന്നു നിർത്താൻ വീട്ടുകാർ പഠിച്ച പണി പതിനെട്ടും നോക്കി, നടന്നില്ല. ഒടുവിൽ അവർ കണ്ടെത്തിയ മാർഗമാണ്, ജോപ്പനെ പെണ്ണ് കെട്ടിക്കുക എന്നത്. അതിനു കൂട്ടുകാരുടെ പിന്തുണയുമുണ്ട്. എന്നാൽ, കള്ളുകുടി നിർത്താൻ ജോപ്പന് താല്പര്യമില്ല. ഇതിനിടയിൽ മെഡിക്കൽ വിദ്യാർത്ഥിയായ മരിയ ചില പഠനകാര്യങ്ങൾക്കായി തോപ്രാംകുടിയിൽ എത്തുകയാണ്. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.
പ്രത്യേക ട്യൂണിലാണ് ജോപ്പൻ കോമഡി പറയുന്നത്. കേൾക്കാൻ തന്നെ നല്ല രസം. നർമത്തിൽ പൊതിഞ്ഞ ഒരുപാട് രസക്കൂട്ടുകളുമായി ജോപ്പൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കൗണ്ടറുകളുടെ രാജാവ് സലിം കുമാർ തന്റെ കസേര തിരിച്ചുപിടിച്ചിരിക്കുന്നു. ആൻഡ്രിയ ജെറിമിയ ആണ് ജോപ്പന്റെ ആദ്യ കാമുകി ആനി. മരിയ ആയി വേഷമിട്ട മംമ്ത മോഹൻദാസ് തന്റെ റോളും ഗംഭീരമാക്കി.
ഇടവേളയ്ക്ക് ശേഷം മുഴുനീള കോമഡി കഥാപാത്രമായി മമ്മൂട്ടി തകർത്താടിയപ്പോൾ, പ്രേക്ഷകരെ റെസ്റ്റ് കൊടുക്കാതെ ചിരിപ്പിച്ച്, ഗംഭീര തിരിച്ചുവരവാണ് സലിം കുമാർ നടത്തിയത്. ആദ്യ പകുതിയേക്കാൾ മികച്ച രണ്ടാംപകുതി ചിരിയുടെ മാലപ്പടക്കം തന്നെയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്.
ആർപ്പുവിളികളോ വലിയ ആവേശമോ ഇല്ലാതെ പുഞ്ചിരിയോടെ കണ്ട് അവസാനിപ്പിക്കാവുന്ന ചിത്രം. ഇടയ്ക്ക് കുറച്ച് ബോറടിപ്പിക്കുന്നുണ്ടെങ്കിലും സ്വാഭാവികനർമം ചിത്രത്തിൽ കാണാൻ സാധിക്കും. കുടുംബ പ്രേക്ഷകർക്ക് രസിക്കാവുന്ന കാഴ്ചയാണ് ജോപ്പൻ സമ്മാനിക്കുന്നത്. ചിത്രത്തിലുള്ള ഒരേയൊരു സംഘട്ടനരംഗവും മികച്ചതാണ്. ക്യാമറയും സംഗീതവും ശരാശരിയാണെങ്കിലും ലളിതം, സുന്ദരം. കുസൃതിക്കാരനായ ജോപ്പനോട് ഇഷ്ടം തോന്നുമെന്ന് ഉറപ്പാണ്. കഥാപരമായി പരീക്ഷണങ്ങൾക്ക് മുതിരാതെ മോശമല്ലാത്ത തിരക്കഥ കൊണ്ട് പഴുതടച്ചിരിക്കുന്നു. സംവിധാനവും നന്നായി.
ചുരുക്കിപ്പറഞ്ഞാൽ മമ്മൂട്ടി - ജോണി ആന്റണി ടീമിന്റെ ഈ ചിത്രം ഹിറ്റാകുമെന്ന് ഉറപ്പ്. ചിരിപ്പിച്ച്, ചിരിപ്പിച്ച് കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ ജോപ്പന് കഴിയും. ഒറ്റവാക്കിൽ പറഞ്ഞാൽ ആക്ഷനും ഹ്യൂമറും റൊമാന്‍സുമെല്ലാം ചേരുംപടി ചേര്‍ത്തൊരുക്കുന്ന ഒരുഗ്രൻ എന്റര്‍ടെയ്‌നർ. ഏതാലായും കുടുംബസമേതം ധൈര്യമായി ചിത്രത്തിന് ടിക്കറ്റെടുക്കാം.