Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷകരെ 'മുഷിപ്പിക്കുന്ന' നാഗേന്ദ്രന്റെ ഹണിമൂണ്‍സ് !

അലസനും മടിയനുമായ നാഗേന്ദ്രന്‍ എന്ന കഥാപാത്രമാണ് ഈ സീരിസിലെ ശ്രദ്ധാകേന്ദ്രം

Nagendran's Honeymoons

രേണുക വേണു

, തിങ്കള്‍, 22 ജൂലൈ 2024 (09:47 IST)
Nagendran's Honeymoons

Nagendran's Honeymoons Review: നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ പ്രദര്‍ശനം തുടരുകയാണ്. അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള ആറ് എപ്പിസോഡുകളാണ് ഈ സീരിസില്‍ ഉള്ളത്. പറയത്തക്ക പുതുമകളോ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണ ശൈലിയോ ഇല്ലാത്ത വെറും ശരാശരി സിനിമാറ്റിക് എക്‌സ്പീരിയന്‍സ് മാത്രമാണ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' നല്‍കുന്നത്. 
 
അലസനും മടിയനുമായ നാഗേന്ദ്രന്‍ എന്ന കഥാപാത്രമാണ് ഈ സീരിസിലെ ശ്രദ്ധാകേന്ദ്രം. ഈ കഥാപാത്രത്തെ സുരാജ് വെഞ്ഞാറമൂട് തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകാനായി നാഗേന്ദ്രന്‍ നടത്തുന്ന വിവാഹ തട്ടിപ്പുകളാണ് ആറ് എപ്പിസോഡുകളിലായി അവതരിപ്പിച്ചിരിക്കുന്നത്. ജാനകി, ലില്ലിക്കുട്ടി, ലൈല, സാവിത്രി, തങ്കം, മൊഴി എന്നിവരാണ് നാഗേന്ദ്രന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍. വിവാഹ ദല്ലാളും സുഹൃത്തുമായ സോമനാണ് എല്ലാ വിവാഹ തട്ടിപ്പുകളുടേയും ബുദ്ധികേന്ദ്രം. കേരളത്തിന്റെ പല ഭാഗത്തായി ഇരുവരും നടത്തുന്ന വിവാഹ തട്ടിപ്പുകളാണ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്'
 
ആറ് ഭാഗങ്ങള്‍ക്കും പ്രധാനമായുള്ള പോരായ്മ ആവര്‍ത്തന വിരസതയാണ്. ഓരോ ഭാഗങ്ങളിലേയും സ്ത്രീ കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളില്‍ മാത്രമാണ് വ്യത്യാസമുള്ളത്, കഥയെല്ലാം പ്രവചനീയവും ആവര്‍ത്തിക്കപ്പെടുന്നതുമാണ്. ദല്ലാള്‍ കഥാപാത്രമായി അഭിനയിച്ച പ്രശാന്ത് അലക്‌സാണ്ടറിന്റെ പ്രകടനവും കഥ നടക്കുന്ന 1970 കളെ മനോഹരമായി സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നതും മാത്രമാണ് ഏക ആശ്വാസം. സംവിധാനത്തില്‍ കസബ, കാവല്‍ എന്നീ സിനിമകളേക്കാള്‍ മെച്ചപ്പെടാന്‍ നിതിന്‍ രഞ്ജി പണിക്കര്‍ക്കും സാധിച്ചിട്ടുണ്ട്. 
 
ശ്വേത മേനോന്‍, കനി കുസൃതി, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. ഇതില്‍ കനി കുസൃതി അവതരിപ്പിച്ച തങ്കം എന്ന കഥാപാത്രം മാത്രമാണ് പ്രേക്ഷകരെ അല്‍പ്പമെങ്കിലും രസിപ്പിക്കുന്നതും എന്‍ഗേജ് ചെയ്യിപ്പിക്കുന്നതും. ഗ്രേസ് ആന്റണി അവതരിപ്പിച്ച ലില്ലിക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു. നിതിന്‍ രഞ്ജി പണിക്കര്‍ തന്നെയാണ് രചന. രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. നിഖില്‍ എസ്. പ്രവീണ്‍ ആണ് ക്യാമറ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സീരിസ് ലഭ്യമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സിനിമ ഹിറ്റാകാന്‍ കഥ നന്നാവണമെന്നില്ല, തമന്നയുടെ ഡാന്‍സ് മതി': വിവാദ പരാമര്‍ശത്തിന് പിന്നാലെ ക്ഷമാപണം നടത്തി പാര്‍ത്ഥിപന്‍