ജയിലിനുള്ളിൽ ചിരിച്ചുകൊണ്ട് കരഞ്ഞ ഒരു മനുഷ്യന്റെ ജീവിതമാണിത്! - പരോള്‍ കുതിക്കുന്നു
സത്യത്തിനും കുടുംബത്തിനും വേണ്ടി നിലകൊള്ളുന്ന നന്മ മരം - സഖാവ് അലക്സ്!
മെഗാസ്റ്റാര്‍ മമ്മൂട്ടി ജയില്‍ പുള്ളിയായി എത്തിയ നിരവധി സിനിമകള്‍ ഉണ്ട്. തടവുപുള്ളിയായി അഭിനയിച്ച ചിത്രങ്ങളില്‍ മിക്കതും ഹിറ്റാക്കിയ ഒരേയൊരു നടനും മമ്മൂട്ടി തന്നെ. പരോള്‍ എന്ന പേരില്‍ തന്നെ ഒരു സൂചനയുണ്ട്. അടുത്തിടെ അവതരിപ്പിച്ച മാസ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം തല്‍ക്കാലത്തേക്കുള്ള ഒരു പരോളാണീ സിനിമ എന്ന്.
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് ചിത്രം റിലീസ് ചെയ്തത്. രണ്ട് തവണ റിലീസ് മാറ്റിവെച്ചിരുന്നു. സ്ഥിരം മമ്മൂട്ടി ചിത്രങ്ങളിലെ ചേരുവ തന്നെയാണ് പരോളിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ. ഒരു വിങ്ങലായി സഖാ അലക്സ് മാറുമെന്ന് തിരക്കഥാക്രത്ത് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമാകുന്നുവെന്നാണ് സൂചന.
സമീപകാലത്തിറങ്ങിയ മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പരോള്‍. കര്‍ഷകനും കമ്മ്യൂണിസ്റ്റുമായ സഖാവ് അലക്സിന്റെ കഥയാണ് പരോള്‍ പറയുന്നത്. ജയിലിനകത്ത് കഴിയുന്ന അലക്സിനെ സൂപ്രണ്ടിനടക്കം എല്ലാവര്‍ക്കും ഇഷ്ടമാണ്. ജയില്‍ ജീവിതത്തിനിടയില്‍ തന്റെ കഴിഞ്ഞുപോയ കഥകള്‍ അലക്സ് ഓര്‍ത്തെടുക്കുന്നതാണ് ആദ്യപകുതി.
ചെയ്യാത്ത തെറ്റിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അലക്സിന് പതിനഞ്ച് ദിവസത്തെ പരോള്‍ ലഭിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് രണ്ടാം പകുതി. ആദ്യപകുതിയാണ് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കുക. മമ്മൂട്ടിയുടെ പഴയകാല ചിത്രങ്ങളിലേത് പോലെ തന്നെ സത്യത്തിനും കുടുംബത്തിനും വേണ്ടി നിലകൊള്ളുന്ന നന്മ മരം തന്നെയാണ് പരോളില്‍ സഖാവ് അലക്സും.
ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതകഥയുമായിട്ടാണ് പരോള്‍ വന്നത്. നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. പൂജപ്പുര ജയില്‍ വാര്‍ഡനായിരുന്ന സംവിധായകന്‍ അജിത്ത് പൂജപ്പുരയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.