Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതീക്ഷ തെറ്റിച്ചു, ‘വെള്ളം’ ഒരു സിനിമയല്ല !

webdunia

അനുപമ അജോയ്

വെള്ളി, 22 ജനുവരി 2021 (21:07 IST)
‘ഇതെന്‍റെ ജീവിതമാണ്’ എന്ന് തോന്നിപ്പിക്കുന്ന അപൂര്‍വ്വം കലാസൃഷ്ടികള്‍ അവിചാരിതമായി നമ്മളെ തേടിയെത്താറുണ്ട്. അവ കണ്ട്, അതിന്‍റെ സത്യസന്ധതയില്‍ ഹൃദയം മുറിഞ്ഞ് പലപ്പോഴും പകച്ചുനിന്നിട്ടുമുണ്ട്. ‘വെള്ളം’ അങ്ങനെയൊരു അനുഭവമാണ്. എനിക്ക് ഇതൊരു സിനിമയല്ല. ഒരു സിനിമ പ്രതീക്ഷിച്ചാണ് ഞാന്‍ തിയേറ്ററിലെത്തിയത്. കുറച്ചുനേരത്തെ ആനന്ദമായിരുന്നു ലക്‍ഷ്യം. എന്നാല്‍ എന്‍റെ ലക്‍ഷ്യവും പ്രതീക്ഷയുമെല്ലാം തെറ്റി. എന്നെ വല്ലാതെ പിടിച്ചുലച്ച്, ശ്വാസം മുട്ടിച്ച്, ഇരുട്ടുനിറഞ്ഞ ഏതോ മൂലയിലേക്ക് വലിച്ചെറിഞ്ഞുകളഞ്ഞു. പലപ്പോഴും നെഞ്ചിലുറഞ്ഞുപോയ കരച്ചില്‍ എപ്പോഴോ കണ്ണിലെരിഞ്ഞൊഴുകിയത് ഞാനറിഞ്ഞില്ല. സത്യമായും, ഇതൊരു സിനിമയല്ല. ഈ അനുഭവം തിയേറ്ററില്‍ നിന്നുതന്നെ അറിയേണ്ടത്.  
 
പ്രജേഷ് സെന്നിന്‍റെ സംവിധാനത്തില്‍ ജയസൂര്യ അഭിനയിച്ച ‘വെള്ളം’ മുഴുക്കുടിയനായ മുരളി എന്നയാളുടെ ജീവിതപ്പതര്‍ച്ചകളെ കാണിച്ചുതരുന്നു. അയാള്‍ ജീവിതത്തില്‍ നിന്ന് മദ്യത്തിലേക്ക് മുങ്ങിപ്പോകുന്നതിന്‍റെ കഥയാണ് പ്രജേഷ് പറയുന്നത്. ആല്‍ക്കഹോളിക്കായ ഒരാള്‍ വീട്ടിലുള്ളവര്‍ ഈ സിനിമ കണ്ടാല്‍ അത് അവരുടെ ഉറക്കം കെടുത്തുന്ന കാഴ്‌ചയാവും. അവര്‍ക്കേ അതിന്‍റെ ഉള്‍‌നീറ്റലറിയൂ. പതിവായി മദ്യപിച്ച് അടുത്തെത്തിയിരുന്ന ഒരു പ്രിയപ്പെട്ട ആളിന്‍റെ ഓര്‍മ്മയുണര്‍ത്തി എനിക്ക് ‘വെള്ളം’. അതുകൊണ്ടുതന്നെ, എനിക്ക് ഇതൊരു സിനിമയല്ല !
 
സുനിതയെ (സംയുക്‍ത മേനോന്‍) പെട്ടെന്ന് തിരിച്ചറിയാനാവും, അവളുടെ വിചാരങ്ങളിലൂടെ പണ്ടൊരിക്കല്‍ ജീവിച്ചവളെന്ന നിലയില്‍. മുരളിക്ക് നേരെയുയരുന്ന ആക്രോശങ്ങളെ, അവഗണനയെ, ഒറ്റപ്പെടുത്തലിനെയെല്ലാം പെട്ടെന്ന് തിരിച്ചറിയാനാവും. ഒരിക്കല്‍ അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് സാക്‍ഷ്യം വഹിച്ചവളെന്ന നിലയില്‍. അതുകൊണ്ടുതന്നെ എനിക്ക് ഇത് ഒരു സിനിമയല്ല. 
 
സങ്കടവും കരച്ചിലുമടങ്ങിയ ശ്വാസം കൊണ്ട് കാല്‍പ്പന്ത് ഊതിവീര്‍പ്പിക്കുന്ന നായകനെ കണ്ടതിന്‍റെ ഹൃദയവ്യഥയായിരുന്നു ‘ക്യാപ്‌ടന്‍’ എന്ന സിനിമ എനിക്ക് നല്‍കിയ സമ്മാനം. അതിനേക്കാള്‍ ആഴത്തില്‍, അതിനേക്കാള്‍ പലമടങ്ങ് ആഘാതമേല്‍പ്പിക്കുകയാണ് ‘വെള്ള’ത്തിന്‍റെ സുതാര്യദുഃഖങ്ങള്‍. പ്രജേഷ് സെന്നിനെ ഞാന്‍ ചേര്‍ത്തുവയ്‌ക്കുന്നത്, എനിക്ക് കാഴ്‌ചയും തന്‍‌മാത്രയും സമ്മാനിച്ച ബ്ലെസിക്കൊപ്പമാണ്. പ്രജേഷ്, ബ്ലെസിയെപ്പോലെ നമ്മെ നൊമ്പരപ്പെടുത്തുന്നു. ഹൃദയത്തില്‍ ഭാരം നിറയ്‌ക്കുന്നു. ജീവിതം കുഴച്ച് അയാള്‍ അടുത്തതെന്താണ് പരുവപ്പെടുത്തുന്നത് എന്നതിന്‍റെ കാത്തിരിപ്പാണ് ഇനിയെനിക്ക്.
 
webdunia
ജയസൂര്യയെ ഞാന്‍ സ്നേഹിക്കുന്നു. ഇങ്ങനെ കഥാപാത്രമായി ജീവിക്കുന്ന ഒരാളെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുക മാത്രമേ തരമുള്ളൂ. ലുക്കാചുപ്പിയിലെ നായകനെ ചേര്‍ത്തുപിടിച്ചതുപോലെ മുരളിയെയും ഞാന്‍ ചേര്‍ത്തുപിടിക്കുകയാണ്. മദ്യത്തിന്‍റെ മണമുള്ള ആ രണ്ടുജീവിതങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. എന്‍റെയൊരാള്‍ക്ക് അവരുടെ ഛായയായിരുന്നു എന്നതുമാത്രമല്ല, ആ ആളെപ്പോലെ തന്നെ ഈ കഥാപാത്രങ്ങള്‍ ചില നിമിഷങ്ങളില്‍ ബിഹേവ് ചെയ്യുന്നു. സത്യം, ഇത് ഒരു സിനിമയല്ല !
 
ബിജിപാലിന്‍റെ സംഗീതം എന്നെ വരിഞ്ഞുമുറുക്കിക്കളഞ്ഞു. അത്രമേല്‍ ആര്‍ദ്രമാണ് ‘ആകാശമായവളേ...’ എന്ന പാട്ട്. ഷഹബാസിന്‍റെ സ്വരത്തില്‍ അത് എന്നോട് പറയാനുള്ളതെല്ലാം പറഞ്ഞു. എനിക്ക് അറിയേണ്ടതെല്ലാം ഞാനറിഞ്ഞു. ആ പാട്ട് എന്നെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, ഇതൊരു സിനിമയല്ല !

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫർ അതേപടിയല്ല, ചിരഞ്ജീവിക്ക് വേണ്ടിയുള്ള മാറ്റങ്ങൾ ഉണ്ടാകും: മോഹൻരാജ