Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറുതെ ടൈം കളയേണ്ട, അങ്കമാലി ഡയറീസ് കണ്ടിട്ട് ഇനി സംസാരിച്ചാല്‍ മതി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം!

അങ്കമാലി ഡയറീസ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം!

വെറുതെ ടൈം കളയേണ്ട, അങ്കമാലി ഡയറീസ് കണ്ടിട്ട് ഇനി സംസാരിച്ചാല്‍ മതി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം!
, വെള്ളി, 3 മാര്‍ച്ച് 2017 (16:32 IST)
റിയലിസം എന്ന വാക്കിന് മലയാള സിനിമയില്‍ എന്താണര്‍ത്ഥം? വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് മാത്രമല്ല, റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പേരിനുപോലുമില്ലാത്ത ഒരു കാലത്തിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത്.
 
മാജിക് റിയലിസം അനുഭവിപ്പിച്ച സിനിമയായിരുന്നു ‘ആമേന്‍’. എന്നെങ്കിലും ഏറ്റവും റിയലിസ്റ്റിക്കായ ഒരു സിനിമ പിറക്കുന്നെങ്കില്‍ അത് ആമേന്‍റെ സംവിധായകനില്‍ നിന്നായിരിക്കുമേന്ന് അന്നേ തോന്നിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ആ വിശ്വാസത്തെ രക്ഷിച്ചിരിക്കുകയാണ്. ‘അങ്കമാലി ഡയറീസ്’ എന്ന സിനിമ മലയാള സിനിമാചരിത്രത്തെ രണ്ടായി വിഭജിക്കാന്‍ കെല്‍പ്പുള്ള ഒരു സൃഷ്ടിയാണ്. 
 
തമിഴ് സിനിമയിലെ വിപ്ലവമായിരുന്നു സുബ്രഹ്‌മണ്യപുരം. അതിനെ വെല്ലുന്ന പടമാണ് അങ്കമാലി. ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കാലുകള്‍ തിയേറ്ററില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുകയും അങ്കമാലി പട്ടണത്തിലെത്തി ചവിട്ടിനില്‍ക്കുകയും ചെയ്യുന്നു. അതേ നമ്മളും അങ്കമാലി വാസികളാവുകയാണ്.
 
വിന്‍സന്‍റ് പെപ്പെ(ആന്‍റണി വര്‍ഗീസ്) എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഡയറിയുടെ താളുകള്‍ മറിയുന്നത്. അയാളുടെ ജീവിതാഘോഷങ്ങള്‍ ഏറ്റവും റിയലായി ചിത്രീകരിച്ചിരിക്കുന്നു. 
 
പെപ്പെ സ്കൂള്‍ ജീവിതത്തില്‍ നിന്ന് കേബിള്‍ ബിസിനസിലേക്കും പിന്നീട് ഇറച്ചിക്കച്ചവടത്തിലേക്കും മാറുകയും ലൈഫ് അധികം സംഘര്‍ഷഭരിതമല്ലാതെ മുമ്പോട്ടുനീങ്ങുകയും ചെയ്യുമ്പോഴാണ് അയാളുടെയും കൂട്ടുകാരുടെയും ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ഒരു സംഭവം ഉണ്ടാകുന്നത്. എങ്ങനെ പെപ്പെയും കൂട്ടുകാരും അത് തരണം ചെയ്യുന്നു എന്നതാണ് അങ്കമാലി ഡയറീസ്.
 
കട്ടലോക്കല്‍ പടം തന്നെയാണിത്. അങ്കമാലിയില്‍ ചെന്ന് ചുമ്മാ ക്യാമറ വച്ച് എടുത്തിരിക്കുകയാണെന്ന് തോന്നും. കഥാപാത്രങ്ങളെല്ലാം അവിടെ ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണെന്ന് വിശ്വസിച്ചുപോകും. ലിജോ ജോസ് പെല്ലിശ്ശേരി ഒരു ഇന്‍റര്‍നാഷണല്‍ ലെവല്‍ തലയുള്ള ആളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അതിലൊന്നാണ് ആ പതിനൊന്ന് മിനിറ്റ് ഒറ്റഷോട്ട്. അതേപ്പറ്റി ഒന്നും പറയാനില്ല, കണ്ടുതന്നെ ഞെട്ടുക!
 
അങ്കമാലി ഡയറീസിന് ഒരു കഥയുണ്ടോ? അതിന് വ്യക്തമായ ഒരു തിരക്കഥയും എഴുതിവച്ച സംഭാഷണങ്ങളുമുണ്ടോ? സിനിമ കണ്ടിറങ്ങിയാല്‍ ഇങ്ങനെയൊരു സംശയമുണ്ടാകും. കാരണം, നാം വിശ്വസിക്കില്ല, ഇത്രയും നേരം കണ്ടിരുന്നത് ഒരു സിനിമയായിരുന്നെന്നും അതിലെ മനുഷ്യര്‍ സംസാരിച്ചത് ആരോ എഴുതിവച്ച ഡയലോഗുകളായിരുന്നെന്നും. നടന്‍ ചെമ്പന്‍ വിനോദ് ജോസാണ് അങ്കമാലി ഡയറീസിന്‍റെ തിരക്കഥ. നൂറ് ശതമാനം പെര്‍ഫെക്ട് ആയ തിരക്കഥ എന്ന് വിശേഷിപ്പിച്ചാല്‍ കുറഞ്ഞുപോകും, അത്രയ്ക്ക് ഉഗ്രന്‍ എഴുത്ത്.
 
അങ്കമാലിയെ നമുക്ക് കണിച്ചുതരുന്നത് ഗിരീഷ് ഗംഗാധരന്‍റെ ക്യാമറയാണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. പശ്ചാത്തലസംഗീതവും ഗാനങ്ങളും പ്രശാന്ത് പിള്ള. അങ്കമാലിയിലെ ജീവിതങ്ങള്‍ അനുഭവിപ്പിക്കുന്നതില്‍ ഈ മൂന്ന് കക്ഷികളും ചെയ്ത സേവനമുണ്ടല്ലോ, ഒന്നെണീറ്റ് നിന്ന് ആദരിക്കണം. ബ്രില്യന്‍റ് വര്‍ക്ക്. മേക്കപ്പിന്‍റെയും കോസ്ട്യൂംസിന്‍റെയും ആള്‍ക്കാരെയൊക്കെ എത്ര അഭിനന്ദിച്ചാലും അത് അധികമാവില്ല.
 
86 പുതുമുഖങ്ങളാണ് അങ്കമാലി ഡയറീസില്‍. പക്ഷേ ഞാനൊരു പുതുമുഖമാണെന്ന് അഭിനയം കൊണ്ട് വിളിച്ചുപറയുന്ന ഒരാള്‍ പോലുമില്ല. എല്ലാവരും അതിഗംഭീര പെര്‍ഫോമന്‍സ്. ലിജോ എങ്ങനെയാവും ഇത്രയധികം പേരെ ഈ കഥാപാത്രങ്ങളായി മെരുക്കിയെടുത്തിരിക്കുക? എന്തൊരു റിഹേഴ്സല്‍ ക്യാമ്പ് ആയിരുന്നിരിക്കണം അത്! ക്ലാമ്പ് രാജനും അപ്പാനി രവിയുമൊക്കെ അടാര്‍ സംഭവങ്ങള്‍ തന്നെ. പലരുടെയും പേരറിയില്ലാത്തതിന്‍റെ പരിമിതിയുണ്ട് ബ്രോസ്. അല്ലെങ്കില്‍ പേരെടുത്ത് ഒരു വിസിലടി നിങ്ങള്‍ക്ക് തന്നേനെ. 
 
ഒന്നും പറയേണ്ട. ഈ നിരൂപണം വായിച്ചവര്‍ നേരെ പോവുക. ടിക്കറ്റെടുക്കുക. അങ്കമാലി ഡയറീസ് എന്താണെന്ന് കണ്ടറിയുക. 110 ശതമാനം റെക്കമെന്‍റ് ചെയ്യുന്നു.
 
റേറ്റിംഗ്: 5/5

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ വീണ്ടും മീശപിരിക്കുന്നു!...