ലോകകപ്പിലെ സെമി തോൽവിയോടെ ഇന്ത്യൻ ആരാധകർ രണ്ട് ചേരിയിലായി. ഒരു പക്ഷം നായകൻ വിരാട് കോഹ്ലിക്കൊപ്പവും മറ്റൊരു പക്ഷം ഉപനായകൻ രോഹിത് ശർമയ്ക്കും ഒപ്പം നിലയുറപ്പിച്ചു. രോഹിതും കോഹ്ലിയും തമ്മിൽ കലഹമാണെന്നും സ്വരച്ചേർച്ചയിൽ അല്ലെന്നും വാർത്തകൾ വന്നു. ഇരുവരുടേയും ഭാര്യമാരായ അനുഷ്ക ശർമ, റിത്തിക എന്നിവരുടെ ട്വീറ്റുകൾ ഇതിനു ആക്കം കൂട്ടുകയും ചെയ്തു. പിന്നാലെ, ഇന്‍സ്റ്റാഗ്രാമില്‍ വിരാട് കോലിയേയും ഭാര്യ അനുഷ്‌ക ശര്‍മയേയും രോഹിത് അണ്‍ഫോളോ ചെയ്തതും ഈ വിവാദങ്ങള്‍ക്ക് ബലം കൂട്ടിയിരുന്നു.
ഇന്ത്യൻ ടീമിനകത്ത് തന്നെ ചേരിതിരിവ് ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നു. രണ്ട് പേർ തമ്മിലുള്ള പ്രശ്നങ്ങൾ അവരെ പിന്തുണയ്ക്കുന്നവർ ഏറ്റെടുക്കുക കൂടി ചെയ്താൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്ന് തിരിച്ചറിഞ്ഞ ഡബ്ല്യുസിസി ഇവർക്കിടയിലെ പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാൻ ശ്രമിച്ചെന്നുമായിരുന്നു വാർത്തകൾ.
എന്നാൽ, കോഹ്ലിക്കും രോഹിതിനും ഇടയിൽ യാതോരു പ്രശ്നവുമില്ലെന്നും എല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ഇവർ തന്നെ പറഞ്ഞതോടെ ആരാധകർ ത്രിശങ്കുവിലായി. പടലപ്പിണക്കം വന്‍ വാര്‍ത്താപ്രധാന്യം നേടിയതോടെയാണ് ക്യാപ്റ്റൻ വാർത്താസമ്മേളനം വിളിച്ചത്.
കോഹ്‌ലി - രോഹിത് പോരിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വെറും വിഡ്‌ഢിത്തം മാത്രമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ടീമിനൊപ്പം സമയം ചെലവഴിക്കുന്ന തനിക്ക് അവര്‍ എങ്ങനെയാണ് കളിക്കുന്നതെന്നും അവരുടെ വര്‍ക്ക് എത്തിക്‌സും എന്താണെന്നും നന്നായി അറിയാം. വിരാടുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ലോകകപ്പില്‍ രോഹിത് എന്തിനാണ് അഞ്ച് സെഞ്ചുറികള്‍ നേടിയതെന്നായിരുന്നു വിഷയത്തിൽ പരിശീലകൻ രവി ശാസ്ത്രി പ്രതികരിച്ചത്.
ഏതായാലും തീ ഇല്ലാതെ പുക വരില്ല എന്ന് തന്നെയാണ് ഇപ്പോഴും ആരാധകർ കരുതുന്നത്. ഒരു വശം അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ മറ്റൊരു പക്ഷവും നമ്മൾ കേൾക്കേണ്ടതുണ്ട്. ആൾക്കാർ ഡ്രസിങ് റൂമിനെ കുറിച്ച് നുണകള്‍ പറഞ്ഞു പരത്തുകയാണെന്ന കോഹ്ലിയുടെ വാദവും തള്ളിക്കളയാനാകില്ല. ഏതായാലും പിണക്കമെല്ലാം അവസാനിപ്പിച്ച് ഇരുവരും ഫോമിലാണ്. ന്യൂ ഇയറിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്ട് പേരും, ഒപ്പം അവരുടെ ആരാധകരും!.