2021 വർഷാന്ത്യം ഇന്ത്യൻ നായകസ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ കൊണ്ടാണ് വാർത്തകളിൽ നിറഞ്ഞതെങ്കിൽ ഇന്ത്യൻ പ്രേമികളെ ആവേശത്തിലാറാടിച്ച് കൊണ്ടായിരുന്നു 2021ന്റെ പിറവി. ഓസ്‌ട്രേലിയൻ മണ്ണിൽ എക്കാലവും അപരാജിതരാണെന്ന ഓസീസ് ധാർഷ്ട്യത്തിന് താരതമ്യേന ദുർബലരായ ഒരു ഇന്ത്യൻ സംഘം മുഖത്തടിച്ച അടി നൽകികൊണ്ടാണ് ഇന്ത്യ 2021ന് തുടക്കമിട്ടത്.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും വലിയ നാണക്കേടിനൊന്നിന് സാക്ഷ്യം വഹിച്ചായിരുന്നു 2020 അവസാനിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഡിസംബര്‍ 19ന് രണ്ടാം ഇന്നിംഗ്സില്‍ വെറും 36 റണ്‍സിന് ഓള്‍ ഔട്ടായി നാണക്കേടിന്‍റെ പടുകുഴിയിലേക്ക് വീണുപോയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. നായകൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങുകയും മുഹമ്മദ് ഷമിയും ഉമേഷ് യാദവും അടക്കമുള്ള സ്ട്രൈക്ക് ബൗളര്‍മാര്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്‌തതോടെ ആകെ പരുങ്ങലിലായി ഇന്ത്യ.
ആദ്യ മത്സരത്തിലെ നാണം കെട്ട തോൽവിയ്ക്ക് പിന്നാലെ നായകൻ വിരാട് കോലി മടങ്ങുകയും പ്രധാനപ്പെട്ട രണ്ട് ബൗളർമാർ പരിക്കേറ്റ് മടങ്ങുകയും ചെയ്‌തതോടെ നാലു മത്സരങ്ങൾ പൂർത്തിയാക്കുക മാത്രമെ ഇന്ത്യയ്ക്ക് മുന്നിലുള്ളു എന്ന് ചിന്തിച്ചവർക്ക് മുന്നിൽ പിന്നീട് നടന്നത് ക്രിക്കറ്റ് ലോകം എക്കാലവും വാഴ്‌ത്താനിരിക്കുന്ന പ്രകടനമാണ്.
സീരീസിലെ രണ്ടാം മത്സരത്തിൽ നായകൻ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി പ്രകടനത്തിന്റെ കരുത്തിൽ മെൽബൾ ടെസ്റ്റ് സ്വന്തമാക്കി ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ചെത്തി. 2021 ജനുവരി ഏഴിന് സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ലോകം കണ്ടത് ഇന്ത്യൻ യുവനിരയുടെ ഐതിഹാസികമായ പോരാട്ടം.
സ്റ്റീവ് സ്മിത്തിന്‍റെ സെഞ്ചുറി കരുത്തിൽ 338 റൺസ് നേടിയ ഓസീസിന് മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് നേടാനായത് 244 റൺസ്. 94 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഓസീസിനായി രണ്ടാം ഇന്നിംഗ്സില്‍ മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും തകര്‍ത്തടിച്ചതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്ത് ഓസ്ട്രേലിയ ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത് 407 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം.
നായകൻ വിരാട് കോലിയുടെ അസാന്നിധ്യത്തിൽ താരതമ്യേന ദുർബലമായ ഇന്ത്യൻ നിരയ്ക്ക് അപ്രാപ്യമായ ലക്ഷ്യം. ഇതിനിടെ ബാറ്റിംഗിനിടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത് ഇന്ത്യൻ പ്രതീക്ഷകളെ ചുട്ടെരിച്ചു. നാലാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകള്‍ നഷ്ടമാവുക കൂടി ചെയ്‌തതോടെ ടീം പരാജയം മണത്തു. എന്നാൽ റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് 148 റണ്‍സ് നാലാം വിക്കറ്റിൽ കൂട്ടിചേർത്തപ്പോൾ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.
പക്ഷേ 118 പന്തില്‍ 97 റണ്‍സെടുത്ത റിഷഭ് പന്തിനെ ലിയോണും 205 പന്തില്‍ 77 റണ്‍സടിച്ച പൂജാരയെ ഹേസല്‍വുഡും വീഴ്ത്തിയതോടെ ഇന്ത്യ 272ന് 5 എന്ന നിലയിലായി. ഇതോടെ അവസാന സെഷനിൽ ഓസീസ് വിജയം ഉറപ്പിക്കുകയും ചെയ്‌തു. പരിക്കേറ്റ ജഡേജയ്ക്ക് പകരം അശ്വിനാണ് ക്രീസിലെത്തിയത്.
തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് നടക്കാന്‍ പോലും ബുദ്ധിമുട്ടിയ വിഹാരിയും അശ്വിനും ചേർന്ന് 42.4 ഓവര്‍ ഓസീസ് പേസ് നിരയെ പ്രതിരോധിച്ച് നിന്നപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് വിജയത്തോളം പോന്ന സമനില. ഇതോടെ സീരീസിലെ നിർണായക മത്സരമായി ഗാബ്ബ ടെസ്റ്റ് മാറി. മൂന്നാം ടെസ്റ്റിനിടെ ഓസീസ് നായകൻ ടിം പെയ്‌ൻ ഗാബ്ബയിലേക്ക് ഇന്ത്യൻ ടീമിനെ ജയിക്കാൻ സാധിക്കുമോ എന്ന് വെല്ലുവിളിക്കുക കൂടി ചെയ്‌തതോടെ രംഗം കൊഴുത്തു.
എന്നാൽ അതേസമയം സിഡ്‌നി ടെസ്റ്റിന് പിന്നാലെ ഇന്ത്യൻ ഡ്രസിങ് റൂം പരിക്കേറ്റ താരങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനം വിരലിന് പരിക്കേറ്റ രവീന്ദ്ര ജഡേജ, സിഡ്നി ടെസ്റ്റിനിടെ പുറംവേദനമൂലം പന്തെറിയാന്‍ ബുദ്ധിമുട്ടിയ ആര്‍ അശ്വിന്‍, തുടയിലേറ്റ പരിക്കുമായി ഹനുമാ വിഹാരി,സിഡ്നി ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര, ഷമി,ഉമേഷ് യാദവ്, പരിശീലനത്തിനിടെ പരിക്കേറ്റ കെഎൽ രാഹുൽ.
സിഡ്‌നി ടെസ്റ്റിന് ശേഷമുള്ള പ്ലേയിങ് ഇലവനിൽ പരിക്കേൽക്കാത്ത 11 പേരെ അണിനിരത്തുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നത്. ഓസീസ് കോട്ടയിൽ നടക്കുന്ന മത്സരത്തിൽ ഭൂരിപക്ഷവും ഓസീസിന് വിജയം ഉറപ്പിച്ചപ്പോൾ ഗാബ്ബ കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
പ്രധാന കളിക്കാരുടെ അഭാവത്തിൽ ടി20 സ്പെഷലിസ്റ്റുകളായ ടി നടരാജനെയും വാഷിംഗ്ടണ്‍ സുന്ദറയെും ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയാണ് ഇന്ത്യ ടെസ്റ്റിനിറങ്ങിയത്. ലബുഷെയ്‌നിന്റെ സെഞ്ചുറി കരുത്തിൽ ഓസീസ് ഒന്നാം ഇന്നിൻസിൽ 369 റണ്‍സ് അടിച്ചു. മറുപടി ബാറ്റിംഗില്‍ 186-6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ വാഷിംഗ്ടണ്‍ സുന്ദറും ഷര്‍ദ്ദുല്‍ ഠാക്കൂറും ചേര്‍ന്ന് അപ്രതീക്ഷിത ചെറുത്തുനിൽപ്പിലൂടെ 309ൽ എത്തിച്ചു. ഓസീസിന് വമ്പന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നല്‍കാതെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 336 റണ്‍സടിച്ചു.
രണ്ടാം ഇന്നിങ്സിൽ ഓസീസ് 298 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 327 റണ്‍സ്. 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ രോഹിത് ശര്‍മയെ നഷ്ടമായതോടെ പ്രതീക്ഷ മങ്ങി. എന്നാല്‍ ശുഭ്മാന്‍ ഗില്‍(91), ചേതേശ്വര്‍ പൂജാര(56) റിഷഭ് പന്ത്(89), വാഷിംഗ്ടണ്‍ സുന്ദര്‍(22) എന്നിവരുടെ പോരാട്ടം ഇന്ത്യയെ ഇന്ത്യയെ ഗാബയില്‍ അസാധ്യമെന്ന് കരുതിയ അത്ഭുത വിജയത്തിലേക്ക് നയിച്ചു.
മത്സരശേഷം ഓസീസ് കോച്ചായ ജസ്റ്റിൻ ലാംഗർ ഇന്ത്യയുടെ പ്രകടനത്തെ പറ്റി പറഞ്ഞത് ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയേയും ആവേശം കൊള്ളിക്കുന്ന വാക്കുകൾ. 150 കോടി ജനങ്ങളിൽ നിന്നാണ് 15 പേർ ഇന്ത്യയ്ക്കായി കളിക്കുന്നത്. ആ പതിനൊന്നിൽ ഒരാളാകണമെങ്കിൽ അയാൾ കഴിവുള്ളയാളായിരിക്കണം.ഒരിക്കലും, ഒരിക്കലും ഇന്ത്യയെ വില കുറച്ച് കാണരുത്.