2021 രോഹിത് ശര്‍മയെ സംബന്ധിച്ചിടുത്തോളം നിരവധി സ്വപ്‌ന സാഫല്യങ്ങളുടെ കാലഘട്ടമാണ്. ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളിലെ നായകസ്ഥാനം രോഹിത് ശര്‍മയ്ക്ക് ലഭിച്ചത് ഈ വര്‍ഷമാണ്. ഒരു സമയത്ത് ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ രോഹിത്തിന് കഴിവില്ലെന്ന് പലരും വിധിയെഴുതിയിരുന്നു. അവിടെ നിന്നാണ് ടീമിന്റെ തലപ്പത്തേക്കുള്ള ഹിറ്റമാന്റെ പ്രയാണം.
ക്യാപ്റ്റന്‍സി ലഭിച്ചതിനേക്കാള്‍ വലിയ നേട്ടമാണ് രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിന് പറ്റിയ കളിക്കാരനല്ല രോഹിത് എന്ന് വിധിയെഴുതിയവരുടെ വായടപ്പിച്ചാണ് താരത്തിന്റെ കുതിപ്പ്. 2021 കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത്. 21 ഇന്നിങ്‌സുകളില്‍ നിന്നായി 47.68 ശരാശരിയില്‍ 906 റണ്‍സാണ് രോഹിത് 2021 ല്‍ അടിച്ചുകൂട്ടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഉപനായക സ്ഥാനവും 2021 ല്‍ രോഹിത്തിന് ലഭിച്ചു.