2022ലെ ഖത്തര്‍ ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ ഫ്രാന്‍സിന് അവസരം ഒരുങ്ങുന്നു. പാരീസ് ഒളിമ്പിക്‌സിലെ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ഓഗസ്റ്റ് 3ന് ഇന്ത്യന്‍ സമയം രാത്രി 12:30നാണ് അര്‍ജന്റീന- ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം.
ഓഗസ്റ്റ് രണ്ടിന് തുടങ്ങുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഗ്രൂപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച മൊറോക്കോ അമേരിക്കയെയും സ്‌പെയിന്‍ ജപ്പാനെയും ഈജിപ്ത് പരാഗ്വെയേയും നേരിടും. ഗ്രൂപ്പില്‍ മൂന്ന് കളികളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് തിയറി ഹെന്റി പരിശീലിപ്പിക്കുന്ന ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയത്. അതേസമയം ഗ്രൂപ്പില്‍ മൊറോക്കോയോട് തോറ്റതിന് ശേഷമാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.
കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം അര്‍ജന്റീന താരങ്ങള്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങള്‍ അടക്കം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടം. സീനിയര്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടമല്ലെങ്കില്‍ കൂടിയും തീപ്പാറുന്ന പോരാട്ടമാകും ഫ്രാന്‍സ്- അര്‍ജന്റീന മത്സരമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.